Site iconSite icon Janayugom Online

നവകേരളബസ് ഡിസംബറില്‍ കെഎസ്ആർടിസിക്ക് കെെമാറും

നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് 23ന് ശേഷം കെഎസ്ആർടിസിക്ക് കെെമാറും. കെഎസ് ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന് പുതുവർഷാരംഭത്തിന് മുന്നോടിയായാണ് ബസ് കെെമാറുക. കോഴിക്കോടിനാണ് ആദ്യഘട്ടത്തിൽ ബസ് അനുവദിക്കുക.

ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമാകുന്ന സഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട ബസ് വേണമെന്ന ആവശ്യം നേരത്തെയുണ്ട്. ഇതുപരിഗണിച്ചാണ് ബസ് കെഎസ്ആർടിസിക്ക് കെെമാറുന്നത്. നിലവില്‍ ബജറ്റ് ടൂറിസം പദ്ധതി മുഖേന സർക്കാരിന് മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കെെമാറ്റം.

കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലിന്റെ പുതുവത്സരാഘോഷം വയനാട് തൊള്ളായിരംകണ്ടിയിലാണ് സംഘടിപ്പിക്കുന്നത്. ഈ യാത്രയ്ക്ക് ബസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ഇതുവരെ സംസ്ഥാനത്തിനകത്തുള്ള സ്ഥലങ്ങളിൽ മാത്രമായിരുന്നു ബജറ്റ് ടൂറിസം സെൽ യാത്ര സംഘടിപ്പിച്ചിരുന്നത്. അടുത്ത വർഷത്തോടെ കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും യാത്ര സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ. 

നിലവിൽ 25 പേ​ർ​ക്കാണ് ബസിൽ യാത്ര ചെയ്യാൻ സാധിക്കുക. എ​സി ബ​സു​ക​ൾ ഈ​ടാ​ക്കു​ന്ന നി​ര​ക്കി​ന് ആ​നു​പാ​തി​ക​മാ​യ ചാ​ർ​ജ് വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. വി​നോ​ദ​യാ​ത്ര സംബന്ധിച്ചുള്ള അനുമതി ലഭിച്ചു കഴിഞ്ഞാൽ ഉടൻ ബുക്കിങ് ആരംഭിക്കും. 

Eng­lish Summary:Navakeralabus will be trans­ferred to KSRTC in December
You may also like this video

Exit mobile version