നവസാങ്കേതികതയും ഭാഷയും എന്ന വിഷയം ഇന്ന് വളരെ പ്രസക്തമായ ഒന്നാണ്. കോളജ് തലങ്ങളില്‍ എഫ് വൈയുജിയുടെ ഭാഗമായി പ്രസ്തുത വിഷയം ഇന്ന് പഠിക്കാനുണ്ട്. അധ്യാപകർക്കും വാദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത വിഷയത്തെ സംബന്ധിച്ച് ധാരാളം ആശങ്കകള്‍ ഉണ്ടായിരുന്നു. കാലങ്ങളായി കഥയും കവിതയും നോവലും നിരൂപണവുമൊക്കെ മാത്രം പഠിപ്പിച്ചു വരുന്ന മലയാളം അധ്യാപകർ എങ്ങനെ ഈ ഒരു പേപ്പർ കൈകാര്യം ചെയ്യും എന്ന് ചിന്തിച്ചു. അതിനുള്ള പഠനഗ്രന്ഥങ്ങള്‍ കുറവാണ്. പ്രത്യേകിച്ച് ഡിജിറ്റൽ ആർക്കൈവിങ്ങ് പോലുള്ള സംഗതികൾക്ക്. വളർച്ചയുടെ ശൈശവദശയിലായതിനാൽ ഇവയുടെ റഫറൻസ് പുസ്തകങ്ങളും ലഭ്യമല്ലായിരുന്നു. ഇത്തരം സാഹചര്യത്തിലാണ് അധ്യാപികയായ അശ്വതി പിയുടെ നവസാങ്കേതികതയും ഭാഷയും എന്ന പുസ്തകത്തിന്റെ പ്രാധാന്യം.
‘കംഫർട്ട് സോൺ’ വിട്ട് പുറത്തു വന്നാലേ വളരാൻ കഴിയൂ എന്ന തത്വം പ്രസക്തമാണ്. പരമ്പരാഗത സാഹിത്യ പഠനങ്ങളിൽ നിന്നും വ്യത്യസ്തമായി കാലാനുസാരമായ മാറ്റങ്ങൾ ഭാഷയിലും ഉണ്ടാകുന്നു എന്നത് ശ്രദ്ധേയമാണ്. അനുനിമിഷം ഗതിവേഗമാർജിക്കുന്ന ലോകത്തിന്റെ കുതിപ്പിനോട് ഒപ്പമെത്താൻ; ഭാഷയിലെ സാങ്കേതികതയെ മനസിലാക്കി മുന്നേറാൻ ഇത്തരം നവ സാങ്കേതികതയും ഭാഷയും എന്ന പഠനങ്ങൾ സാഹിത്യ വിദ്യാർത്ഥികളെ സഹായിക്കും. അതിന് ഒരു കൈത്താങ്ങാകാൻ; വഴികാട്ടിയാകാൻ അശ്വതിയുടെ ഈ ഗ്രന്ഥത്തിന് കഴിയും. എഫ് വൈയുജി സിലബസിൽ പഠിയ്ക്കുന്ന കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന പഠന വസ്തുക്കളെ കണ്ടെത്തുക എന്നതാണ്. ഇവിടെയാണ് അശ്വതിയുടെ പുസ്തകത്തിന്റെ പ്രസക്തി ഏറുന്നത്. നവസാങ്കേതികതയും ഭാഷയും എന്ന പേപ്പറിലെ ഒട്ടുമിക്ക അറിവുകളെയും ഒറ്റ ഇടത്തിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് അശ്വതി.
എഫ് വൈയുജി മലയാളം എഇസി കോഴ്സായ നവസാങ്കേതികതയും ഭാഷയും എന്ന വിഷയത്തോട് പരമാവധി നീതിപുലർത്താൻ ഈ പുസ്തകത്തിലൂടെ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്. സാങ്കേതികതയും നവസാങ്കേതികതയും എന്താണെന്ന സാമാന്യ പരിചയം മുതൽ നിർമ്മിത ബുദ്ധിയുടെ വിവിധ മോഡലുകളുടെ വിശദപഠനം വരെ ഈ പുസ്തകത്തിലുണ്ട്. മലയാളം കംപ്യൂട്ടിങ്, ഹൈപ്പർ പാഠനിർമ്മാണം, വെബ് ജേർണലിസം, നിർമ്മിത ബുദ്ധി ഉയർത്തുന്ന നൈതിക പ്രശ്നങ്ങൾ എന്നിവ കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഡിജിറ്റൽ ആർക്കൈവിങ് എങ്ങനെയാണ് ഡിജിറ്റൽ യുഗത്തിലെ വിവരസംരക്ഷണമായി മാറുന്നത് എന്ന് വിശദീകരിയ്ക്കുമ്പോൾ തന്നെ ഡിജിറ്റൽ ആർക്കൈവിങ് നേരിടുന്ന വെല്ലുവിളികളെയും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിയ്ക്കുന്നു. അതുപോലെ ഒസിആർ (Optical Character Recognition) ന് ഡിജിറ്റൽ ആർക്കൈവിങ്ങിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്നും വിശദമാക്കുന്നുണ്ട്. കേരള സംസ്കാരവുമായും മലയാളവുമായും ബന്ധപ്പെട്ട സാംസ്കാരിക പുരാവസ്തുക്കളുടെ ഡിജിറ്റൽ ഇടത്തിലുള്ള സംരക്ഷണമായ ഗ്രന്ഥപ്പുര പദ്ധതിയെപ്പറ്റിയും സായാഹ്ന ഫൗണ്ടേഷനെപ്പറ്റിയും ലളിതമായ ഭാഷയിൽ അശ്വതി പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
സിലബസുമായി ബന്ധപ്പെട്ട നവസാങ്കേതികതയെ അടയാളപ്പെടുത്തുന്ന ഒരു ഇടമായി മാത്രം ചുരുങ്ങാതെ ഒരു ഉള്ളടക്കത്തെ അവതരിപ്പിക്കേണ്ടി വരുമ്പോൾ പരമാവധി അതുമായി ബന്ധപ്പെട്ട് കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതാപരമായ വിവരശേഖരണം കൂടിയായി പുസ്തകം മാറുന്നുണ്ട്. വിവിധ നിർമ്മിത ബുദ്ധി(Artificial intelligence) സോഫ്റ്റ് വെയർ/ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തുകയും അവയുടെ പ്രായോഗിക പരിശീലനം കൂടി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ എൽഎൽഎം. (Large Language Model) ആയ ചാറ്റ് ജിപിടി, ജെമിനി, പ്രോംപ്റ്റ് (Prompt) എന്നിവയെ പ്പറ്റിയുള്ള നിർവചനങ്ങളും ഈ ഗ്രന്ഥത്തിലടങ്ങിയിരിക്കുന്നു. വിശദപഠനത്തിനുള്ള ലേഖനങ്ങളെയും ഗ്രന്ഥങ്ങളെയും മാസികകളെയും പരാമർശിക്കുകയും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒരു മാതൃകാ ചോദ്യപേപ്പർ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ ഗ്രന്ഥത്തിൽ. വിദ്യാർത്ഥികൾക്കു മാത്രമല്ല അധ്യാപകർക്കും നവ സാങ്കേതികതയെക്കുറിച്ച് മലയാള ഭാഷയിൽ അറിയാൻ ആഗ്രഹിക്കുന്ന വിജ്ഞാനകാംക്ഷികളായ എല്ലാവർക്കും ഈ ഗ്രന്ഥം ഒരു മുതൽക്കൂട്ടായിരിക്കും.
നവസാങ്കേതികതയും ഭാഷയും
(പഠനം)
അശ്വതി പി
മലയാളവിഭാഗം
ശ്രീനാരായണ കോളജ്, കൊല്ലം
വില: 200 രൂപ