ജോലി സ്ഥലത്തു വച്ചുണ്ടായ അപകടത്തിൽ നാല് വിരലുകൾ അറ്റുപോയ ഇന്ത്യൻ തൊഴിലാളി തുടർചികിത്സയ്ക്കായി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ബാംഗ്ലൂർ സ്വദേശിയായ തബ്രീസ് സയ്യദ് കാസിയെയാണ് തുടർചികിത്സക്കായി നാട്ടിലെത്തിക്കാൻ നവയുഗത്തിന് കഴിഞ്ഞത്.
കഴിഞ്ഞ ആഴ്ചയാണ് തബ്രീസിന്റെ വിരലുകൾ ജോലി ചെയ്യുന്നതിനിടയിൽ കട്ടർ മിഷ്യനിൽ കുടുങ്ങി ചിതറി പോയത്. അപ്പൊൾ തന്നെ കൂടെയുണ്ടായിരുന്നവർ അയാളെ തുഗ്‌ബ ദോസ്സരി ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിത്സ നൽകി. എന്നാൽ വിരൽ ചിന്നഭിന്നമായി പോയതിനാൽ വീണ്ടും കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല. സ്പോൺസർ ഹുറൂബ് ആക്കിയതിനാലും,ഇൻഷുറൻസ് ഇല്ലാത്തതും കാരണം തുടർചികിത്സക്ക് വളരെ ചിലവ് വരും എന്നതിനാൽ എത്രയും പെട്ടന്ന് നാട്ടിൽ പോകാൻ തീരുമാനിച്ചു പലരെയും സഹായത്തിന് ബന്ധപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ മുഹമ്മദ് കാസർഗോഡ് എന്ന പ്രവാസി സുഹൃത്താണ് ഇദ്ദേഹത്തെ നവയുഗം ജീവകാരുണ്യപ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടന്റെ അടുത്ത് എത്തിച്ചത്. തുടർന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുത്തു.
നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് തബ്രീസിന്റെ വിവരങ്ങൾ ധരിപ്പിച്ചു. പിറ്റേ ദിവസം എംബസി ഒരു ലെറ്റർ ഡിപ്പോർട്ടേഷൻ സെന്ററിൽ അയക്കുകയും, മഞ്ജു അത് ഉപയോഗിച്ച് ഡീപോർട്ടേഷൻ അധികാരികളുടെ സഹായത്തോടെ തബ്രീസിന് അവിടെ നിന്ന് ഫൈനൽ എക്സിറ്റ് വാങ്ങി കൊടുക്കുകയും ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന് ജോലി ചെയ്തു കൊണ്ടിരുന്ന മാൻപവർ കമ്പനി തബ്രീസിനുള്ള കുടിശ്ശിക ശമ്പളം, വിമാനടിക്കറ്റ് എന്നിവ കൊടുക്കാൻ തയ്യാറായി. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കിയപ്പോൾ, തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു തബ്രീസ് നാട്ടിലേയ്ക്ക് യാത്രയായി.
English Summary:Navayugam has repatriated a worker who lost his fingers in a workplace accident for further treatment
You may also like this video