Site iconSite icon Janayugom Online

നവീൻ ബാബുവിന് നാട് നാളെ വിട നൽകും

അന്തരിച്ച കണ്ണൂർ എ ഡി എം നവീൻ ബാബുവിന് ജന്മനാട് നാളെ വിട നൽകും. കണ്ണൂർ കളക്ട്രേറ്റില്‍ നടത്തിയ യാത്രയയ്പ്പ് ചടങ്ങിലാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ കടന്നു വന്ന് ഇദ്ദേഹത്തിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതിനെ തുടർന്ന് നവീൻബാബു സ്വന്തം ക്വാർട്ടേസിൽ വച്ച് ജീവൻ ഒടുക്കുകയായിരുന്നു. കളങ്കമില്ലാത്തതും സത്യസന്ധനുമായ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്ന് കേരളത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കൾ ഒരുപോലെ പറഞ്ഞതോടെ നവീൻ ബാബുവിന്റെ മരണം മറ്റൊരു വിവാദത്തിലേക്ക് കടക്കുകയായിരുന്നു. ചൊവ്വാഴ്ച ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. രാത്രി 10 മണിയോടെ സഹോദരൻ അഡ്വ പ്രവീൺ,മലയാലപുഴ മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജയലാൽ മറ്റ് ബന്ധുക്കൾ എന്നിവർ കളക്ടറേറ്റിലും പൊലീസ് സ്റ്റേഷനിലും എത്തി നടപടികൾ പൂർത്തീകരിച്ചു. നവീൻ ബാബുവിന്റെ ചേതനയറ്റ ശരീരം ആംബുലൻസിൽ പുലർച്ചെ ഒരു മണിയോടെ ആണ് പുറപ്പെട്ടത്.

400 കിലോമീറ്ററിൽ അധികം താണ്ടി ഇന്ന് രാവിലെ 11.15 ഓടെ ആണ് മൃതദേഹം പത്തനംതിട്ട സ്വകാര്യ ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്. കടന്നു വരുന്ന വഴികളിൽ തടസങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ഉള്ള ക്രമീകരണം ഒരുക്കിയിരുന്നു. കണ്ണൂർ ജില്ലാ കളക്ടര്‍, കാസർഗോഡ് ജില്ലാ കളക്ടര്‍, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. പത്തനംതിട്ട മോർച്ചറിയിൽ എത്തിച്ച മൃതദേഹം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണൻ,വിവിധ രാഷ്ട്രീയ കക്ഷി ജില്ലാ നേതാക്കൾ എന്നിവർ ചേർന്ന്  ഏറ്റുവാങ്ങി മോർച്ചറിയിൽ സൂക്ഷിച്ചു. നാളെ രാവിലെ പത്ത് മണിയോടെ മോർച്ചറിയിൽ നിന്ന് എടുക്കുന്ന മൃതദേഹം പത്തനംതിട്ട കളക്റേറ്റിൽ പൊതു ദർശനത്തിന് വെക്കും. ഒന്നര മണിക്കൂർ പൊതു ദർശന സമയത്ത് ജില്ലയിലെ മുഴുവൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹിക സാമുദായിക നേതാക്കളും അന്തിമോപചാരം അർപ്പിക്കും.

കളക്ട്രേറ്റിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മലയാലപ്പുഴയിൽ വീട്ടിൽ എത്തിയ ശേഷം  പൊതു ദർശനത്തിന് ശേഷം മതാചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം സംസ്കാരം നടക്കും. ഇദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി സുഹൃത്തുക്കൾ വീട്ടിൽ എത്തിയിരുന്നു.സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് ജി സുധാകരൻ,കോന്നി എം എൽ എ കെ യു ജനീഷ് കുമാർ, റാന്നി എം എൽ എ പ്രമോദ് നാരായണൻ, മുൻ എം എൽ എ രാജു എബ്രഹാം, സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു എന്നിവർ മലയാലപ്പുഴയിലെ നവീന്റെ വീട്ടിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങി.

Exit mobile version