Site icon Janayugom Online

പത്ത് മാസത്തിന് ശേഷം നവജ്യോത് സിങ് സിദ്ദു പുറത്തിറങ്ങി

പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷം മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. നീല കുർത്തയും തലപ്പാവും ധരിച്ച്, കയ്യിൽ ഒരു പുസ്തകവുമായി പുറത്തിറങ്ങിയ സിദ്ദുവിനെ ജയിലിന് പുറത്ത് നൂറുകണക്കിന് കോൺഗ്രസ് നേതാക്കളും അനുഭാവികളും ചേര്‍ന്ന് സ്വീകരിച്ചു. പട്യാല നഗരത്തിൽ പലയിടത്തും നവജ്യോത് സിദ്ധുവിന്റെ നിരവധി പോസ്റ്ററുകളും ഹോർഡിങ്ങുകളും സിദ്ദുവിനെ സ്വാഗതം ചെയ്യുന്നതിനായി അനുയായികൾ സ്ഥാപിച്ചിരുന്നു.

65 കാരനായ ഗുർനാം സിങ്ങിന്റെ മരണത്തിന് കാരണമായ 1988ലെ റോഡ് റേഞ്ച് കേസിലാണ് 2022 മെയ് 20ന് സുപ്രീം കോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. തടവുകാലത്ത് നവജ്യോത് സിദ്ദു ജയില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചതിനാലാണ് രണ്ട് മാസത്തെ ശിക്ഷ ഇളവ് ചെയ്ത് വിട്ടയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. 59 കാരനായ സിദ്ദുവിന്റെ ജയില്‍ മോചനം കോണ്‍ഗ്രസ് പ്രവർത്തകരില്‍ ആവേശമുണർത്തിയിരിക്കുകയാണെന്ന് സ്വീകരണ പരിപാടിയെ വിലയിരുത്തിക്കൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്തു.

 

Eng­lish Sam­mury: Ex-Pun­jab Con­gress Chief Navjot Singh Sid­hu To Be Released From Patiala Jail After ten Months

 

Exit mobile version