Site iconSite icon Janayugom Online

നാവിക ദിനാഘോഷം ഇന്ന്

നാവികസേനാ ദിനാഘാേഷത്തിനായി തലസ്ഥാനമൊരുങ്ങി. ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സന്നാഹങ്ങളുമായാണ് നാവികസേന തലസ്ഥാനത്ത് എത്തുന്നത്. ഇന്ന് വൈകിട്ട് ശംഖുമുഖം ബീച്ചില്‍ നടക്കുന്ന നേവിയുടെ ഓപ്പറേഷന്‍ ഡെമോയില്‍ യുദ്ധക്കപ്പലുകളും ഫൈറ്റര്‍ ജെറ്റുകളും ഹെലികോപ്റ്ററുകളുമെല്ലാം അണിനിരക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും. തുടർന്ന് 4.30ന് നാവിക സേനാ അഭ്യാസങ്ങൾ വീക്ഷിക്കും. നാവിക സേന തയ്യാറാക്കിയ രണ്ട് ടെലിഫിലിമുകൾ രാഷ്ട്രപതിക്ക് മുന്നിൽ പ്രദർശിപ്പിക്കും.

ദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദക്ഷിണ നാവിക സേന മേധാവി സമീർ സക്സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സേനയുടെ ശക്തിപ്രകടനം ഉണ്ടായിരിക്കും. ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനങ്ങൾ പരിപാടിയുടെ ഭാഗമാവും. അത്യാധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ശക്തി പ്രകടനത്തിൽ പങ്കെടുക്കും. 1971ലെ ഇന്തോ — പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക, തീരദേശ പ്രതിരോധത്തിന് നിർണായക പ്രഹരം ഏല്പിച്ച ഇന്ത്യൻ നാവികസേനയുടെ നിർണായക പങ്കിനെ അനുസ്മരിക്കാനാണ് എല്ലാ വർഷവും ഡിസംബർ നാലിന് ‘നാവിക ദിനം’ ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിപാടികളാണ് ഇന്ന് അരങ്ങേറുക. അഭ്യാസ പ്രകടനങ്ങളുടെ പരിശീലനം കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലെത്തുന്നവര്‍ക്ക് നഗരത്തിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത് കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ ബസുകളില്‍ ശംഖുമുഖം ബീച്ചിലെത്തി അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കാം. 

Exit mobile version