Site iconSite icon Janayugom Online

പത്താം ക്ലാസ് പാഠപുസ്തകം വീണ്ടും വെട്ടി എൻസിഇആർടി

ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യവും പീരിയോഡിക് ടേബിളും അടക്കം കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) പുറത്തിറക്കിയ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്നാണ് ജനാധിപത്യമടക്കം അധ്യായങ്ങള്‍ ഒഴിവാക്കിയത്. പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യത്തിനെതിരായ വെല്ലുവിളികളും തുടങ്ങിയ അധ്യായങ്ങള്‍ ഒഴിവാക്കി. കൂടാതെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മൂലകങ്ങളുടെ ആനുകാലിക വര്‍ഗീകരണം, ഊര്‍ജ്ജ സ്രോതസ്സുകള്‍, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്റ് എന്നിവയും ഇനി പഠിക്കേണ്ടതില്ല. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയൻസ് പാഠപുസ്തകങ്ങളില്‍ നിന്ന് ഖലിസ്ഥാൻ സംബന്ധിച്ച ഭാഗങ്ങളും നീക്കി. കോവിഡ് വ്യാപനത്തിന് പിന്നാലെ, കുട്ടികളുടെ പഠന ഭാരം കുറയ്ക്കാനായി പാഠഭാഗങ്ങളില്‍ മാറ്റം വരുത്തുന്ന പ്രക്രിയ എന്‍സിഇആര്‍ടി ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രധാനപ്പെട്ട വിഷയങ്ങള്‍ പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അപ്രസക്തം, ആവര്‍ത്തിക്കുന്ന ഉള്ളടക്കം എന്നിവയാണ് വിഷയങ്ങള്‍ നീക്കുന്നതിന് എന്‍സിഇആര്‍ടി വ്യക്തമാക്കുന്ന ചില കാരണങ്ങള്‍. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പ്രസക്തമായ വിഷയം തിരഞ്ഞെടുത്താല്‍ ഇവയെല്ലാം പഠിക്കാന്‍ സാധിക്കും എന്നാണ് വിശദീകരണം. പ്രധാനപ്പെട്ട അധ്യായങ്ങള്‍ ഒഴിവാക്കിയതിന് എന്‍സിഇആര്‍ടി നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയ നടപടി ശാസ്ത്രജ്ഞരില്‍ നിന്നും ഏറെ വിമര്‍ശനം ഏറ്റുവാങ്ങി. കൂടാതെ ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മോളികുലാര്‍ ഫൈലോജെനി ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങളും എന്‍സിഇആര്‍ടി ഒഴിവാക്കിയിട്ടുണ്ട്. 12-ാം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളും ഇതേരീതിയില്‍ ഒഴിവാക്കപ്പെട്ടിരുന്നു.

eng­lish summary;NCERT again cut the 10th class textbook

you may also like this video;

Exit mobile version