Site iconSite icon Janayugom Online

ചന്ദ്രയാന്‍ നേട്ടം മോഡിയുടേതെന്ന് എന്‍സിഇആര്‍ടി പുസ്തകം

chandrayaanchandrayaan

ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറിയ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയം നരേന്ദ്ര മോഡിക്ക് ചാര്‍ത്തിനല്‍കി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി ) യുടെ അധികവായനാ പുസ്തകം. ചന്ദ്രയാന്‍ ദൗത്യം വിജയിച്ചതിന്റെ ഭാഗമായി പുറത്തിറക്കിയ അധികവായനയ്ക്കുള്ള പുസ്തകത്തിലാണ് മോഡി സ്തുതി നിറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഈ പുസ്തകങ്ങള്‍ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥിന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തത്. ശാസ്ത്രനേട്ടത്തെ രാഷ്ടീയവല്‍ക്കരിക്കാനും ഒരു വ്യക്തിയുടെ വിജയമായി ചിത്രീകരിക്കാനുമുള്ള ശ്രമം വിലകുറഞ്ഞതാണെന്ന് ശാസ്ത്രജ്ഞരും ഗവേഷകരും അഭിപ്രായപ്പെട്ടു. 

ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തില്‍ ഖിന്നരായിരുന്ന ശാസ്ത്രജ്ഞരെ നരേന്ദ്ര മോഡി ആശ്വസിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ശാസ്ത്രജ്ഞരില്‍ പുതിയ ഉണര്‍വുണ്ടാകുകയും ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തതായി അധിക വായനയില്‍ പറയുന്നു. ചന്ദ്രയാന്‍ ലോഞ്ചിന്റെ ലൈവ് ടെലികാസ്റ്റ്, ശാസ്ത്രജ്ഞന്‍മാരുമായുള്ള സംഭാഷണം, വിക്ഷേപണശേഷമുള്ള മോഡിയുടെ പ്രതികരണം എന്നിവയുടെ ചിത്രങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
മോഡി സ്തുതി മാത്രമാണ് പുസ്തകത്തില്‍ ഉടനീളം കാണാനാവുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കഠിനപ്രയത്നഫലമാണ് ചന്ദ്രയാന്‍ 3 വിജയം. രാജ്യത്തിന്റെ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് മോഡിയാണ് എന്നിങ്ങനെ പോകുന്നു വാചകങ്ങള്‍. ചന്ദ്രയാന്‍ 3ന്റെ വിജയം ഒരു വ്യക്തിക്കുമേല്‍ ചാര്‍ത്തിനല്‍കാനുള്ള എന്‍സിഇആര്‍ടി ശ്രമം നാണംകെട്ട നടപടിയാണെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരും ഗവേഷകരും അഭിപ്രായപ്പെട്ടു. 

ഐഎസ്ആര്‍ഒയുടെ ചരിത്രമറിയത്തവരാണ് ഇത്തരം സ്തുതികള്‍ പാടി നടക്കുന്നത്. ബഹിരാകാശ ചരിത്രത്തില്‍ പരാജയപ്പെട്ട ദൗത്യങ്ങള്‍ക്ക് ശേഷം അതേ ദൗത്യം വീണ്ടും ആവര്‍ത്തിക്കുന്ന നയം എല്ലാ രാജ്യങ്ങളും പാലിക്കുന്നതാണ്. ഇന്ത്യയും അത്തരം ശ്രമം വീണ്ടും നടത്താറുണ്ട്. എന്നാല്‍ ഒരു ഗവേഷണ ദൗത്യത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഒരാള്‍ക്ക് മാത്രം സമ്മാനിക്കുന്ന രീതി ആദ്യമാണെന്നും ഇവര്‍ പറഞ്ഞു.
പുഷ്പക വിമാനം വിശ്വകര്‍മ്മാവ് സൃഷ്ടിച്ചതാണെന്നും ബ്രഹ്മാവ് പിന്നീട് ഇത് കുബേരന് നല്‍കിയെന്നും പുസ്തകത്തിലുണ്ട്. നേരത്തെ ഗാന്ധിവധം, മുഗള്‍ സാമ്രാജ്യം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

Eng­lish Sum­ma­ry: NCERT book says Chan­drayaan achieve­ment belongs to Modi

You may also like this video

Exit mobile version