Site iconSite icon Janayugom Online

ചരിത്രത്തെ വികലമാക്കി വീണ്ടും എന്‍സിഇആര്‍ടിയുടെ തുഗ്ലക് പരിഷ്കരണം

ഇന്ത്യയിലെ ഹൈന്ദവ വരേണ്യ വര്‍ഗം ആര്യന്‍മാരുടെ പിന്‍ഗാമികളണെന്ന വാദം തിരുത്താന്‍ കച്ചകെട്ടിയിറങ്ങി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി). ആര്യന്‍ വംശജരുടെ ഡിഎന്‍എ പരിശോധനയില്‍ ഇന്ത്യന്‍ ബന്ധം സ്ഥാപിക്കാനായില്ലെന്ന ന്യായം നിരത്തി ആര്യന്‍ അധിനിവേശം സംബന്ധിച്ച പാഠഭാഗം 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് പുതിയ പരിഷ്കരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

12-ാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ പാര്‍ട്ട് ഒന്നിലെ ഇഷ്ടിക, മുത്തുകള്‍, അസ്ഥികള്‍-ഹാരപ്പന്‍ നാഗരികത എന്ന ഭാഗത്താണ് വെട്ടിനിരത്തല്‍. ഹരിയാന ഹിസാര്‍ ജില്ലയിലെ രാഖിഗര്‍ഹില്‍ സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട് നടത്തിയ പര്യവേക്ഷണത്തില്‍ ലഭിച്ച സ്ത്രീ അസ്ഥികൂടത്തിന്റെ ജനിതക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വംശജര്‍ ഹാരപ്പന്‍ സംസ്കാരം പിന്‍പറ്റുന്ന ജനതയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആര്യന്‍മാരുടെ പിന്‍ഗാമികളാണ് വരേണ്യ ഹൈന്ദവ വിഭാഗമെന്ന വാദം നിരാകരിച്ച് സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് എന്‍സിഇആര്‍ടി ചരിത്രത്തെ മാറ്റിമറിക്കുന്ന പരിഷ്കരണത്തിനിറങ്ങിയിരിക്കുന്നത്.

രാഖിഗര്‍ഖി ജനിതക തെളിവുകള്‍ ഇന്ത്യന്‍ വംശജര്‍ തദ്ദേശീയ ജനതയാണെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് എന്‍സിഇആര്‍ടി വാദം. 1920ല്‍ രാഖിഗര്‍ഖില്‍ നടത്തിയ ആദ്യഘട്ട പര്യവേക്ഷണത്തില്‍ ലഭിച്ച തെളിവുകള്‍ സിന്ധുനദീതട സംസ്കാരവും ഹാരപ്പന്‍ നാഗരികതയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. 1921ല്‍ മോഹന്‍ജദാരോയില്‍ നടത്തിയ പരിശോധനയിലും ഇക്കാര്യം സ്ഥീരികരിക്കുന്നുണ്ട്. മധ്യേഷ്യയില്‍ വസിച്ചിരുന്ന ജനങ്ങള്‍ ഹാരപ്പന്‍ നാഗരികതയുടെ പിന്‍മുറക്കാരണെന്നും കാലക്രമേണ ഇവര്‍ പല രാജ്യങ്ങളിലായി പലായനം നടത്തിയെന്നും രേഖകളില്‍ പറയുന്നു.
ആര്യന്‍ അധിനിവേശവും സംസ്കാരവും രാജ്യത്തുനിന്ന് തുടച്ചുനീക്കുക എന്ന ബിജെപി-ആര്‍എസ്എസ് അജണ്ടയാണ് പാഠ്യപരിഷ്കരണം വഴി എന്‍സിഇആര്‍ടി ലക്ഷ്യമിടുന്നത്. നേരത്തെ മുഗള്‍ സാമ്രാജ്യം, ഗാന്ധി വധം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങള്‍ എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തത് രാജ്യമാകെ ചര്‍ച്ചയായിരുന്നു.

nglish Sum­ma­ry: NCERT’s Tugh­laq reform dis­torts his­to­ry again
You may also like this video

Exit mobile version