മഹാരാഷ്ട്രയിൽ പ്രധാന പ്രതിപക്ഷ കക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എൻസിപി) പിളർന്നു. അപ്രതീക്ഷിത നീക്കങ്ങളിലൂടെ പ്രതിപക്ഷ നേതാവ് അജിത് പവാർ, ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി. എട്ട് എൻസിപി എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സർക്കാരിന്റെ ഭാഗമായി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് അജിത് പവാർ എൻസിപിയെ പിളർത്തി ഷിൻഡെ സർക്കാരിന്റെ ഭാഗമായത്. 13 എംഎൽഎമാർക്ക് ഒപ്പമായിരുന്നു അജിത് പവാർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു. ശരദ് പവാറിന്റെ സഹോദര പുത്രനാണ് അജിത് പവാര്‍.
രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി നിയമസഭാംഗങ്ങളുടെ ഒരു സംഘം യോഗം ചേർന്നിരുന്നു. വിവരമറിഞ്ഞ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ സുപ്രിയ സുലെ സ്ഥലത്തെത്തിയെങ്കിലും അജിത് പവാറിനെ അനുനയിപ്പിക്കാനായില്ല. തുടര്‍ന്ന് തന്നെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം അജിത് പവാര്‍ രാജ്ഭവനിലെത്തുകയായിരുന്നു. 53 എൻസിപി എംഎൽഎമാരിൽ 29 പേര്‍ അജിത് പവാറിനൊപ്പമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നീ മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും. അനില്‍ പാട്ടീല്‍, അദിതി എസ് തത്കാരെ, ഹസന്‍ മുഷ്റിഫ്, ധനഞ്ജയ് ബന്‍സോദെ, ധര്‍മ്മ റാവു എന്നിവരാണ് മറ്റ് എന്‍സിപി മന്ത്രിമാര്‍. അതേസമയം പാര്‍ട്ടിവിട്ടവരില്‍ 80 ശതമാനവും തിരിച്ചെത്തുമെന്ന് ശരദ് പവാര്‍ പ്രതികരിച്ചു.
2019 ൽ ബിജെപിയുമായി ചേർന്ന് അജിത് പവാർ ഉപമുഖ്യമന്ത്രി പദവി സ്വന്തമാക്കിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങള്‍ക്കുശേഷം സ്ഥാനം രാജിവെക്കുകയും തുടര്‍ന്ന് രൂപീകരിച്ച ശിവസേന‑എൻസിപി-കോൺഗ്രസ് മഹാസഖ്യത്തിൽ ഉപമുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഏകനാഥ് ഷിന്‍ഡെയെ മുന്‍നിര്‍ത്തി ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി ബിജെപി അധികാരത്തിലേറുകയായിരുന്നു.
ശരദ് പവാർ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നും രാജിവച്ച് ഒരു മാസത്തിന് ശേഷമാണ് എൻസിപിയിലെ പിളര്‍പ്പ്. അണികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് രാജി തീരുമാനം പവാർ പിൻവലിക്കുകയും മകള്‍ സുപ്രിയ സുലെയെ വർക്കിങ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അജിത് പവാര്‍ മറുപക്ഷത്ത് ചേരാനുള്ള കരുക്കള്‍ നീക്കിയതെന്നാണ് സൂചന.
English Summary: NCP split in Maharashtra; Ajit Pawar sworn as deputy Chief Minister
You may also like this video