എൻഡിഎയില്‍ സഖ്യം ചേര്‍ന്ന ജനതാദള്‍ സെക്യുലറില്‍ പൊട്ടിത്തെറി. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എന്‍ എം നബി, സംസ്ഥാന വൈസ് പ്രസിഡന്റ് സയ്ദ് ഷഫീയുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജിവച്ചു. പാര്‍ട്ടിയിലെ 12 എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ എച്ച് ഡി കുമാരസ്വാമി പക്ഷത്ത് അവശേഷിക്കുക ഏഴ് എംഎല്‍എമാര്‍ മാത്രമാകും.
രാജിവച്ചവരിലേറെയും മുസ്ലിം നേതാക്കളാണ്. യുവജനവിഭാഗം അധ്യക്ഷന്‍ എം എം നൂര്‍, ന്യൂനപക്ഷ വിഭാഗം മേധാവി നാസിര്‍ ഹുസൈന്‍, മൊഹിദ് അല്‍ത്താഫ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന പ്രസിഡന്റ് സി എം ഇബ്രാഹിമും രാജി വച്ചേക്കുമെന്ന് സൂചനകളുണ്ട്. നേരത്തെ ജെഡിഎസ് കേരളഘടകം ബിജെപി സഖ്യത്തെ അനുകൂലിക്കില്ലെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
കഴിഞ്ഞദിവസമാണ് എൻഡിഎയില്‍ ചേരുന്നതായി ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പ്രഖ്യാപിച്ചത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ജെഡിഎസിന്റെ നിലനില്പ് തന്നെ വലിയ വെല്ലുവിളി നേരിടുകയാണ്. 13.3 ശതമാനം വോട്ടും 19 സീറ്റും മാത്രമാണ് ലഭിച്ചത്. 139 സീറ്റില്‍ ജെഡിഎസിന് കെട്ടിവെച്ച കാശ് നഷ്ടമായി. 15 ലക്ഷം വോട്ടുകള്‍ ജെഡിഎസിന് നഷ്ടമായി. 16 വർഷത്തിനുശേഷമാണ് ബിജെപിയും ജെഡിഎസും വീണ്ടും ഒരുമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി സഖ്യത്തിന് തയ്യാറായത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജെഡിഎസിനെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് മൂന്ന് സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക എന്നാണ് സൂചന. അതേസമയം ബിജെപിയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കുമാരസ്വാമിക്ക് ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. കുമാരസ്വാമിയെ പ്രതിപക്ഷ നേതാവായി നിയോഗിക്കാനാണ് തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതെന്ന് സൂചനകളുണ്ടായിരുന്നു.
English summary;NDA Alliance; Blast in JDS
you may also like this video;