Site iconSite icon Janayugom Online

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി; എല്‍ഡിഎഫ് പരാതി നല്‍കി

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി. കേന്ദ്രമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള ശ്രമമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റേതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പൂജപ്പുര എല്‍ബിഎസില്‍ കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് പൊതുപരിപാടി സംഘടിപ്പിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. മണ്ഡലത്തിലെ പല പ്രദേശങ്ങളിലും നിവേദനങ്ങള്‍ സ്വീകരിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ബിജെപി പ്രവര്‍ത്തകര്‍ വിവിധ സംഘടനകളുടെ പേരില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കുകയും അതിന്മേല്‍ ഉറപ്പുകള്‍ വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ വിധത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

Eng­lish Sum­ma­ry: NDA can­di­date by mis­us­ing the posi­tion of Union Min­is­ter; LDF filed a complaint
You may also like this video

Exit mobile version