മന്ത്രിസ്ഥാന വീതംവയ്പ്പില്‍ ആടിയുലഞ്ഞ് എന്‍ഡിഎ. സത്യപ്രതിജ്ഞ കഴിയും വരെ സംയമനം പാലിക്കാന്‍ ഘടകകക്ഷികളുടെ തീരുമാനം. തങ്ങള്‍ ആവശ്യപ്പെടുന്ന മന്ത്രി പദങ്ങള്‍ ഉള്‍പ്പെടെ അംഗീകരിക്കാന്‍ ബിജെപി വിസമ്മതിച്ചാല്‍ സര്‍ക്കാരിന് പുറത്തു നിന്നും പിന്തുണ നല്‍കുമെന്ന മുന്നറിയിപ്പും ഘടക കക്ഷികള്‍ നല്‍കുന്നു. കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്കു മുന്നില്‍ 32 സീറ്റുകളുടെ കുറവാണുള്ളത്. 240 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് വിജയം നേടാനായത്. ആന്ധ്രാപ്രദേശില്‍ 16 സീറ്റുകള്‍ നേടിയ തെലുഗുദേശം പാര്‍ട്ടി (ടിഡിപി)യുടെയും ബിഹാറില്‍ 12 സീറ്റുകളില്‍ വിജയിച്ച ജനതാദള്‍ യുണൈറ്റഡിന്റെയും സഹായമില്ലാതെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകില്ല.
നാല് എംപിമാര്‍ക്ക് ഒരു മന്ത്രി സ്ഥാനം എന്ന സമവാക്യമാണ് എന്‍ഡിഎ കക്ഷികള്‍ ബിജെപിക്കു മുന്നില്‍ വച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഇത്രത്തോളം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ഭരണം മുന്നോട്ടു കൊണ്ടുപോകുക സുഗമമല്ല എന്ന വിലയിരുത്തലിലാണ് ബിജെപി. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെടുന്ന ലോക്‌സഭാ സ്പീക്കര്‍ പദവിയും നല്‍കാനാകില്ലെന്ന് ബിജെപി നിലപാടെടുത്തു. സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നേ എന്‍ഡിഎയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയെന്നത് വ്യക്തമാക്കുന്നു.
നിതീഷ് കുമാറിന്റെ ജെഡിയുവിന് രണ്ട് കാബിനറ്റ് മന്ത്രി സ്ഥാനങ്ങളാണ് ബിജെപി മുന്നോട്ടു വച്ചിരിക്കുന്നത്. നേതാക്കളായ ലാലന്‍ സിങ്ങിന്റെയും രാം നാഥ് ഠാക്കൂറിന്റെയും പേരുകള്‍ ജെഡിയു നിര്‍ദേശിച്ചതായും വാര്‍ത്തകളുണ്ട്. ലാലന്‍ സിങ് ബിഹാറിലെ മുന്‍ഗറില്‍ നിന്നുമാണ് ലോക്‌സഭയിലേക്ക് വിജയിച്ചത്. ഭാരതരത്നാ ജേതാവായ കര്‍പ്പൂരി ഠാക്കൂറിന്റെ മകനായ രാം നാഥ് ഠാക്കൂര്‍ രാജ്യസഭാ എംപിയാണ്.
ടിഡിപിക്ക് നാല് കേന്ദ്ര മന്ത്രി സ്ഥാനങ്ങള്‍ സമ്മതിച്ചതായാണ് വിവരം. റാംമോഹന്‍ നായിഡു, ഹരീഷ് ബാലയോഗി, ദഗുമല്ല പ്രസാദ് എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. നാലാം മന്ത്രിയാരെന്ന് ടിഡിപി ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ചിരാഗ് പാസ്വാന്റെ പാര്‍ട്ടി ഉയര്‍ത്തിയ രണ്ട് ക്യാബിനറ്റ് മന്ത്രി പദവി, ശിവസേന ഷിന്‍ഡേ വിഭാഗത്തിന്റെ സമാന ആവശ്യം എന്നിവയോടൊന്നും ബിജെപി നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.
ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങള്‍ക്ക് പകരം ചെറു ഘടക കക്ഷികള്‍ക്ക് സ്വതന്ത്ര ചുമതലയുള്ള മന്ത്രി പദങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രതിസന്ധി പരിഹരിക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്.
സത്യപ്രതിജ്ഞ നാളെ; ഏഴ് രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും
മൂന്നാം മോഡി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിദേശ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. നാളെ വൈകുന്നേരം ഏഴ് മണിക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമാകുക. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് ഡോ മുഹമ്മദ് മുയിസു, സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നോത്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ എന്നീ വിദേശ രാഷ്ട്രനേതാക്കള്‍ ചടങ്ങിന്റെ ഭാഗമാകും.
English Summary:
You may also like this video