നഗരമധ്യത്തിൽ കാർ യാത്രികനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവരുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ ഗുണ്ടാപ്പട്ടികയിലുള്ളവരടക്കം രണ്ട് പേരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ഒക്കലയിൽ വീട്ടിൽ ഉദീഷ് (26), ആര്യാട് പുതുവൽ വടക്കേവെളി വീട്ടിൽ രാജീവ് (41) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 15-ാം തീയതി രാത്രി വൈഎംസിഎ ജംഗ്ഷന് സമീപമായിരുന്നു സംഭവം. ടൗണിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്റ്റേഡിയം വാർഡ് സ്വദേശി സുനിൽകുമാറിനെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ആദ്യം പണം ആവശ്യപ്പെട്ട പ്രതികൾ, അത് നൽകാതിരുന്നതോടെ ക്രൂരമായി ആക്രമിക്കാൻ മുതിരുകയും സുനിൽകുമാറിന്റെ സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. മാല തിരികെ കിട്ടാനായി ഭയന്നുപോയ സുനിൽകുമാർ കൈവശമുണ്ടായിരുന്ന 7000 രൂപ പ്രതികൾക്ക് നൽകി. പണം കിട്ടിയ ശേഷമാണ് അക്രമികൾ മാല തിരികെ നൽകാൻ തയ്യാറായത്.
തുടർന്ന് സുനിൽകുമാർ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ ഉദീഷ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ ചുമത്തപ്പെട്ടയാളുമാണ്. രാജീവും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുവരും വീണ്ടും മോഷണത്തിനും ആക്രമണത്തിനും മുതിർന്നതെന്ന് നോർത്ത് പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ എംകെ രാജേഷ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

