Site icon Janayugom Online

കൈക്കൂലി വാങ്ങുന്നതിനിടയില്‍ നെടുങ്കണ്ടം ബിഡിഒയും പ്ലാനിംഗ് ആന്റ് മോണറ്ററിംഗ് എക്‌സറ്റന്‍ഷന്‍ ഓഫീസറും പിടിയിലായി

bribe

കൈക്കൂലി വാങ്ങുന്നതിനിടയില്‍ നെടുങ്കണ്ടം ബിഡിഒയേയും പ്ലാനിംഗ് ആന്റ് മോണറ്ററിംഗ് എക്‌സറ്റന്‍ഷന്‍ ഓഫീസറേയും ഇടുക്കി വിജിലന്‍സ് സംഘം പിടികൂടി. രാജാക്കാട് സ്വദേശിയോട് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നെടുംകണ്ടം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഷൈമോന്‍ ജോസഫ്,  എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പ്ലാനിംഗ് ആന്റ് മോണിറ്ററിംഗ്) നാദിര്‍ഷ എന്നിവരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.  കൃഷി ആവശ്യത്തിന് കുളം നിര്‍മ്മിക്കുവാനായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി വിട്ട് നല്‍കിയ സ്ഥലവും കുളവും സ്വകാര്യ വസ്തുപോലെ ഉപയോഗിക്കുന്നതിനും കരാര്‍ കാലവധി നീട്ടി നല്‍കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ്  രാജാക്കാട് സ്വദേശിയോട് പ്രതികള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വി.ജി.വിനോദ്കുമാറിനെ പരാതിക്കാരന്‍ സമീപിക്കുകയായിരുന്നു.

കള്ളിമാലി കാര്‍ഷിക ജലസേചന പദ്ധതിയുടെ കീഴില്‍ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴ ഇറിഗേഷന്‍ വകുപ്പും ചേര്‍ന്ന് 25 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന കുളത്തിന് ആവശ്യമായ അഞ്ച് സെന്റ് സ്ഥലം 2019‑ല്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് പദ്ധതി നടത്തിപ്പിന് പരാതിക്കാരനായ രാജാക്കാട് സ്വദേശി സൗജന്യമായി വിട്ട് നല്‍കിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ കുളം നിര്‍മ്മാണത്തിന് അനുവദിക്കുകയും ചെയ്തു.  2020 ഫെബ്രുവരിയില്‍ കുളത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.  കുളം കുഴിച്ചു തീര്‍ന്നെങ്കിലും ചുറ്റുമുള്ള കോണ്‍ക്രീറ്റ് ജോലികള്‍ കോവിഡും മറ്റും കാരണം പൂര്‍ത്തിയായില്ല.  ഇതുമായി ബന്ധപ്പെട്ട് നെടുംകണ്ടം ബി.ഡി.ഒ. ഷൈമോന്‍ ജോസഫ് സ്ഥലം സന്ദര്‍ശിച്ച ശേഷം,  പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം  സ്ഥലം ഉടമക്കാണെന്നും കുളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഉപഭോക്താക്കളായ കര്‍ഷകരുടെ മീറ്റിംഗ് വിളിക്കണമെന്നും ഷൈമോന്‍ ആവശ്യപ്പെട്ടു.  സര്‍ക്കാര്‍ പണം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുളത്തിന് വ്യക്തിപരമായ പ്രയോജനം ഉള്ളതിനാല്‍ പരാതിപ്പെട്ടാല്‍ പ്രശ്‌നമാകുമെന്നും അങ്ങനെ വരാതെ മിനിറ്റ്‌സ് റെഡിയാക്കാമെന്നും വേണ്ടതു പോലെ കാണണമെന്നും ഷൈമോന്‍ പറഞ്ഞു.  ഷൈമോന്‍ തന്നെ മിനിറ്റ്‌സ് തയ്യാറാക്കാമെന്നും തനിക്ക് 20000 രൂപയും ക്ലര്‍ക്കിന് 10000 രൂപയും വേണമെന്നും ഷൈമോന്‍ ആവശ്യപ്പെടുകയായിരുന്നു.  തുടര്‍ന്ന് അത്രയും പണം ഉണ്ടാകില്ലെന്നു പറഞ്ഞപ്പോള്‍ 25000 രൂപക്ക് സെറ്റില്‍ ചെയ്യാമെന്ന് ഇയാള്‍ പറഞ്ഞു. പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി യൂണിറ്റില്‍ പരാതി നല്‍കി.  രാജാക്കാട് കള്ളിമാലിയിലുള്ള ഷൈമോന്റെ  വീട്ടില്‍ വിളിച്ചു വരുത്തി കൈക്കൂലി പണം മേടിക്കുന്നതിനിടെയാണ് പുറത്തു കാത്തു നിന്ന വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടുന്നത്.

നെടുങ്കണ്ടം ബ്ലോക്ക് ഓഫീസില്‍ എത്തിയ വിജിലന്‍സ് സംഘം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തു. നിയമനടപടികള്‍ പൂര്‍ത്തികരിച്ചതിന് ശേഷം പ്രതികളെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കും. ഇടുക്കി യൂണിറ്റ് ഡി.വൈ.എസ്.പി. വി.ആര്‍.രവികുമാറിന്റെ നേതൃത്വത്തില്‍ സി.ഐ. മാരായ ബിജു.റ്റി., റെജി.എം.കുന്നിപ്പറമ്പന്‍, രാഹുല്‍ രവീന്ദ്രന്‍, എസ്.ഐ. മാരായ സന്തോഷ്.കെ.എന്‍, എ.എസ്.ഐ. മാരായ തുളസീധരകുറുപ്പ്, സ്റ്റാന്‍ലി തോമസ്,ബിജു വര്‍ഗ്ഗീസ്, വി.കെ.ഷാജികുമാര്‍, സഞ്ജയ്.കെ.ജി. എസ്.സി.പി.ഒ. മാരായ ഷിനോദ്.പി.ബി., അനൂപ് സത്യന്‍, സൂരജ്.എ.പി., രഞ്ജിനി, സന്ദീപ് ദത്തന്‍, നൗഷാദ്.കെ.എ., സജീവ്കുമാര്‍.കെ.പി. എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.  പ്രതികളുടെ വീട് പരിശോധനക്ക് സി.ഐ.മാരായ ടിപ്‌സണ്‍ തോമസ് മേക്കാടന്‍, വിനേഷ് കുമാര്‍.പി.വി., എസ്.ഐ. ഷാജി.കെ.എന്‍., എ.എസ്.ഐ. ബിനോയ് തോമസ്, സുരേന്ദ്രന്‍.പി.ആര്‍., അഭിലാഷ്, ഷിബു.കെ.റ്റി., അനീഷ് വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Nedumkan­dam BDO and Plan­ning and Mon­i­tor­ing Exten­sion Offi­cer arrest­ed for accept­ing bribe

You may like this video also

Exit mobile version