നീറ്റ് യുജി-നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ അഗ്നിപഥ് പദ്ധതിക്കെതിരെയും അഴിമതിയാരോപണം. അഗ്നിവീര്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പിനെക്കുറിച്ച് തെളിവ് സഹിതം രംഗത്തെത്തി. കുറഞ്ഞ മാര്‍ക്ക് നേടിയവര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചുവെന്നാണ് പരാതി.
2022 സെപ്റ്റംബര്‍-നവംബറില്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയില്‍ പങ്കെടുത്തവരാണ് പരാതി ഉന്നയിച്ചത്. തങ്ങളെക്കാള്‍ കുറവ് മാര്‍ക്ക് കിട്ടിയവര്‍ നിയമന പട്ടികയില്‍ ഉള്‍പ്പെട്ടെന്നാണിവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ 2022 ഡിസംബറില്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജബല്‍പൂരിലെ പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചവരുടെയെല്ലാം മാര്‍ക്ക് ലിസ്റ്റ് 15 ദിവസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്ന് ഈമാസം ഒന്നിന് ഇന്ത്യന്‍ ആര്‍മിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വകാര്യവിവരമായതിനാല്‍ മൂന്നാം കക്ഷിക്ക് മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാടാണ് ആര്‍മി മുമ്പ് സ്വീകരിച്ചിരുന്നത്. എന്നാല്‍ കോടതി ഉത്തരവ് വലിയ തിരിച്ചടിയായി.
ജബല്‍പൂരിലെ റിക്രൂട്ട്മെന്റ് റാലിയിലെ കായികക്ഷമതാ പരീക്ഷ 2022 സെപ്റ്റംബറിലാണ് നടന്നത്. എഴുത്തുപരീക്ഷ നവംബര്‍ 13നും. രണ്ട് പരീക്ഷകളുടെയും ഫലം നവംബര്‍ 26ന് പ്രസിദ്ധീകരിച്ചു. ഇതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍, തങ്ങള്‍ക്ക് കിട്ടിയ മാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ കട്ട് ഓഫ് മാര്‍ക്കും ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷയും നല്‍കി.
ഇതുപ്രകാരം ലഭിച്ച മറുപടിയില്‍ നിതീഷ് തിവാരിയെന്ന ഉദ്യോഗാര്‍ത്ഥിക്ക് കായിക ക്ഷമതയ്ക്ക് 88ഉം എഴുത്ത് പരീക്ഷയ്ക്ക് 71ഉം മാര്‍ക്ക് വീതമാണെന്ന് പറയുന്നു. നവംബറില്‍ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മെറിറ്റ് പട്ടികയില്‍ ഇയാളുടെ പേരുണ്ടായിരുന്നു. മറ്റ് ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ വിവരാവകാശ മറുപടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ കട്ട് ഓഫ് മാര്‍ക്ക് 169 ആണെന്ന് പറയുന്നു.
പരീക്ഷ ജയിച്ചെങ്കിലും മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് മധ്യപ്രദേശ്, ഛത്തീസ്ഗഢ് ആര്‍മി റിക്രൂട്ട്മെന്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് 2023 ഫെബ്രുവരി 16ന് നിതീഷിനെ അറിയിച്ചിരുന്നു. എന്നാല്‍ സെലക്ഷന്‍ കിട്ടിയ ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ നിതീഷിന്റെ പേരും റോള്‍ നമ്പരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍മിയുടെ വെബ്സൈറ്റിലും ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സംശയം തോന്നിയതെന്ന് ലാല്‍ ബഹദൂര്‍ ഗൗതം എന്ന ഉദ്യോഗാര്‍ത്ഥി പറഞ്ഞു. 160 മുതല്‍ 167 മാര്‍ക്ക് വരെ ലഭിച്ച പല ഉദ്യോഗാര്‍ത്ഥികളും മെറിറ്റ് ലിസ്റ്റില്‍ ഇടംനേടാതിരിക്കുകയും 159 മാര്‍ക്ക് കിട്ടിയ നിതീഷ് തിവാരി പട്ടികയില്‍ ഇടം നേടുകയും ചെയ്തത് എങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു.
നിതീഷിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ, വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ് നിതീഷിനെ ആര്‍മി അധികൃതര്‍ ഒഴിവാക്കുകയായിരുന്നെന്ന് ലാല്‍ബഹദൂര്‍ ഗൗതം ആരോപിച്ചു. നവംബറില്‍ ഫലം പ്രസിദ്ധീകരിക്കുകയും ഡിസംബറില്‍ കോടതിയെ സമീപിക്കുകയും ചെയ്തതിന് ശേഷമാണ് നിതീഷിന്റെ പേര് ഒഴിവാക്കിയത് എന്നതും ശ്രദ്ധേയമാണ്.
പരാതി ഈ കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും ആംഡ് ഫോഴ്സ് ട്രിബ്യൂണലാണ് പരിഗണിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇതോടെ 2022 ഡിസംബര്‍ 13ന് കോടതി കേസ് തള്ളി. പരാതിക്കാരോട് ട്രിബ്യൂണലിനെ സമീപിക്കാനും നിര്‍ദേശിച്ചു. എന്നാല്‍ പരാതിക്കാര്‍ ആര്‍മിയുടെ ഭാഗമല്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഈ പരാതി പരിഗണിക്കാന്‍ കഴിയില്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഇതോടെ ലാല്‍ ബഹദൂര്‍ ഗൗതവും മറ്റ് ഉദ്യോഗാര്‍ത്ഥികളും വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
English Summary: NEET Model for Agniveer Recruitment too
You may also like this video