Site iconSite icon Janayugom Online

നീറ്റ് പിജി പരീക്ഷ; ജൂൺ 15 ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീം കോടതി നിർദ്ദേശം

നീറ്റ് പിജി പരീക്ഷയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നല്‍കി. നീറ്റ് പിജി പരീക്ഷ രണ്ട് ഷിഫ്റ്റായി നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്റെ തീരുമാനത്തിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്നും ജൂൺ 15 ന് ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാനും കോടതി ഉത്തരവിട്ടു. 

ജൂൺ 15ന് രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തി ജൂലായ് 15ന് ഫലം പ്രഖ്യാപിക്കുമെന്നാണ് ദേശീയ പരീക്ഷാ ബോർഡ് അറിയിച്ചത്.ഇങ്ങനെ പരീക്ഷ നടത്തുന്നത് അന്യായവും പക്ഷപാതപരവുമാണെന്നായിരുന്നു റിട്ട് ഹർജിയിലെ ആരോപണം. രണ്ട് പരീക്ഷകളാകുമ്പോൾ ചോദ്യങ്ങൾ വ്യത്യസ്തമാകും. വിദ്യാർത്ഥികൾക്ക് തുല്യയവസരം കിട്ടില്ലെന്നും ആരോപണം ഉയര്‍ന്നു. ഇത്ര പ്രധാനപ്പെട്ടൊരു പരീക്ഷയ്ക്ക് സുതാര്യത വേണമെന്നും ഒന്നിച്ചുനടത്തണമെന്നുമായിരുന്നു ഹർജികളിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Exit mobile version