Site iconSite icon Janayugom Online

നീറ്റ് ക്രമക്കേട്: കേന്ദ്രത്തിനും എന്‍ടിഎയ്ക്കും സുപ്രീം കോടതി നോട്ടീസ്

നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും നോട്ടീസയക്കാന്‍ ഉത്തരവായത്.

നോട്ടീസിന് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ എട്ടിന് മുമ്പ് മറുപടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ബഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് എന്‍ടിഎയുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഥ് വ്യക്തമാക്കി.

വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍, പരീക്ഷ റദ്ദാക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന എന്‍ടിഎ അപേക്ഷ പരിഗണിച്ച ബെഞ്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസയക്കാനും ഉത്തരവായി. ഈ ഹര്‍ജികളും ജൂലൈ എട്ടിന് പരിഗണിക്കും.

Exit mobile version