അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നീറ്റ് യുജി കൗണ്‍സിലിങ് നടന്നില്ല. പുതിയ തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നാളെ വീണ്ടും കോടതി കേസുകള്‍ പരിഗണിക്കുന്നുണ്ട്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. അഖിലേന്ത്യാ ക്വാട്ടയിലെ പ്രവേശനത്തിനുള്ള കൗണ്‍സിലിങ് ഇന്നലെ തുടങ്ങേണ്ടതായിരുന്നു. ഇക്കാര്യം നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എന്‍ടിഎ) സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിജ്ഞാപനം പുറത്തുവന്നില്ല. പ്രവേശന നടപടികള്‍ തടയില്ലെന്ന് സുപ്രീം കോടതി നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം കൗണ്‍സിലിങ് മാറ്റിവച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. എങ്കിലും കൗണ്‍സിലിങ് ആരംഭിക്കാത്തതിനെക്കുറിച്ച് വിശദീകരണം ഒന്നും നല്‍കിയിട്ടില്ല.
നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യവുമായി കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, കൗണ്‍സിലിങ് നടക്കട്ടെയെന്നാണ് സര്‍ക്കാരും പരീക്ഷാ നടത്തിപ്പുകാരായ എന്‍ടിഎയും നിലപാടെടുത്തത്. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, പരീക്ഷ മുഴുവനും റദ്ദാക്കണമെന്ന ആവശ്യം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതടക്കം ഹര്‍ജികള്‍ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാലയും മനോജ് മിശ്രയുമടങ്ങുന്ന ബെഞ്ചാണ് ഇവ പരിഗണിക്കുക. പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്നത് ശരിയാകില്ലെന്ന വിലയിരുത്തലിലാണ് കൗണ്‍സിലിങ് നീട്ടിയതെന്നാണ് കരുതുന്നത്. പ്രവേശനം നടത്തിയാല്‍ കൂടുതല്‍ നിയമപ്രശ്നങ്ങളിലേക്ക് കടന്നേക്കുമെന്ന് ആരോഗ്യ മന്ത്രാലയം കരുതുന്നു. മെഡിക്കല്‍ കോളജുകളില്‍ അധിക സീറ്റുകള്‍ അനുവദിക്കുന്നതിലും പുതിയ മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടായതും കൗണ്‍സിലിങ് പരിപാടികള്‍ നീട്ടിവയ്ക്കാന്‍ ഇടയാക്കിയതിന്റെ കാരണമായി ആരോഗ്യ മന്ത്രാലയം പറയുന്നു.
രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, മറ്റ് അനുബന്ധ കോഴ്‌സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്‌റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യുജി). ഏകദേശം 24 ലക്ഷം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. 67 പേര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായതോടെയാണ് നീറ്റ് യുജി സംശയനിഴലിലായത്. തുടര്‍ന്ന് ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഇതോടെ രാജ്യത്ത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. 1500 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് എൻടിഎയുടെ പരീക്ഷകൾ സുതാര്യവും നീതിയുക്തവുമായി നടത്തുന്നതിന് ഫലപ്രദമായ നടപടികൾ നിർദേശിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിദഗ്‌ധരുടെ ഒരു ഉന്നതതല സമിതിക്കും കേന്ദ്ര സർക്കാർ രൂപം നൽകിയിരുന്നു.
അതേസമയം സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. നീറ്റ് യുജി വിഷയം സര്‍ക്കാര്‍ വഷളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഈ സര്‍ക്കാരിന്റെ കയ്യില്‍ സുരക്ഷിതമല്ലെന്നും ജയറാം രമേശ് പ്രതികരിച്ചു.
English Summary:NEET UG counseling not held; The Supreme Court will consider the petitions tomorrow
You may also like this video