നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും (എന്‍ടിഎ) നാണക്കേടായി സുപ്രീം കോടതി നിരീക്ഷണങ്ങള്‍. പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് സംശയാതീതമായി ബോധ്യപ്പെട്ടെന്ന് സുപ്രീം കോടതി വിലയിരുത്തി.
പരീക്ഷയുടെ പരിപാവനത നഷ്ടമായി. ചോദ്യ പേപ്പര്‍ ചോര്‍ച്ച നിഷേധിക്കാനാകില്ല. ചോര്‍ച്ചയുടെ വ്യാപനം എത്രകണ്ടെന്നത് മാത്രമാണ് ഇനി അറിയേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനോടും എന്‍ടിഎയോടും വിഷയം അന്വേഷിക്കുന്ന സിബിഐയോടും കോടതി വിശദീകരണം തേടി.
പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം അവസാനമായേ കോടതി പരിഗണിക്കൂ. രാജ്യത്തെ 23 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയമായതിനാലും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടുമൊരു പരീക്ഷയില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി ആവതുണ്ടോ എന്ന വിഷയവും കോടതിക്ക് മുന്നിലുണ്ടെന്ന നിരീക്ഷണമാണ് ബെഞ്ച് നടത്തിയത്.
ചോദ്യ പേപ്പര്‍ ചോര്‍ച്ച പരീക്ഷാ സംവിധാനത്തില്‍ നിന്നും സംഭവിച്ചതാണോ അല്ലെങ്കില്‍ മറ്റേതെങ്കിലും വഴിയിലൂടെയാണോ. ചോര്‍ച്ചയിലൂടെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ വിവരങ്ങള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സൈബര്‍ ഫോറന്‍സിക് സംവിധാനത്തിന് കഴിയുമോ. പരീക്ഷ റദ്ദാക്കുന്നതിന് എതിരെ കേന്ദ്രവും എന്‍ടിഎയും സമര്‍പ്പിച്ച സത്യവാങ്ങ്മൂലങ്ങള്‍ പരിഗണിച്ച കോടതി ഉന്നയിച്ച ചോദ്യങ്ങളാണിവ.
ചോദ്യ പേപ്പര്‍ ചോര്‍ച്ച സമൂഹ മാധ്യമങ്ങള്‍ വഴിയെങ്കില്‍ അത് കാട്ടുതീ പോലെ പടരേണ്ടതല്ലേ. എന്നാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ചോര്‍ച്ചയും പരീക്ഷാ കാലാവധിയും സംബന്ധിച്ച് സമയ ദൈര്‍ഘ്യം എത്ര. തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനോടും എന്‍ടിഎയോടും കോടതി ഉത്തരം തേടി. ഒപ്പം കേസ് അന്വേഷിക്കുന്ന സിബിഐയോടും അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. കോടതി ഉന്നയിച്ച വിഷയങ്ങളില്‍ ഈ മാസം 10 ന് വൈകുന്നേരം അഞ്ചിനകം കേന്ദ്രവും എന്‍ടിഎയും സിബിഐയും മറുപടി നല്‍കണം.
ക്രമക്കേടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ പരീക്ഷ റദ്ദാക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മുപ്പതിലധികം ഹര്‍ജികളാണ് സുപ്രീം കോടതി ഇന്നലെ പരിഗണിച്ചത്. ഇതില്‍ തന്നെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ആദ്യം പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. വേനല്‍ അവധിക്കു ശേഷം വീണ്ടും ചേര്‍ന്ന കോടതി ഇന്നലെ ഉച്ചകഴിഞ്ഞാണ് ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
English Summary: NEET-UG: Supreme Court confirms question paper leak
You may also like this video