Site iconSite icon Janayugom Online

ആലപ്പുഴ കരുവാറ്റയിലും ആശുപത്രിയില്‍ അനാസ്ഥ: വയറ്റില്‍ കത്രിക മറന്നുവച്ച ഡോക്ടറിനെതിരെ കേസ്

Deepa hospitalDeepa hospital

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് കത്രിക വയറ്റിൽ അകപ്പെട്ട സംഭവത്തിൽ കരുവാറ്റ ദീപ ആശുപത്രിയിലെ ഡോക്ടർ വിജയകുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രസവാനന്തരം യുവതിക്ക് കലശലായ വയറുവേദന ഉണ്ടായതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ കത്രിക കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹരിപ്പാട് താമല്ലാക്കൽ സ്വദേശിനിയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് കത്രിക വയറ്റിനുള്ളിൽ കുടുങ്ങി പോയത്. ഓഗസ്റ്റ് രണ്ടിനാണ് ശസ്ത്രക്രിയ നടന്നത്. 

ഒരാഴ്ചയ്ക്കുശേഷം വീട്ടിലേക്കു മടങ്ങി. പിന്നീട്, തുന്നൽ എടുക്കുകയും ചെയ്തു. 15-ാം തീയതി അസഹ്യമായ വേദനയുമായി യുവതി അതേ ആശുപത്രിയിലെത്തി. സ്ലാൻ ചെയ്ത്, റിപ്പോർട്ട് പരിശോധിച്ചശേഷം കുഴപ്പമില്ലെന്നു പറഞ്ഞ് തിരികെ അയച്ചതായി ഭർത്താവ് പറയുന്നു. അന്ന് വൈകിട്ട് തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കത്രിക കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിറ്റേന്ന് ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. വയറ്റിൽ ഗുരുതരമായ അണബാധയുണ്ടായിരുന്നു. ചെറൂ കുടൽ എട്ടു സെൻ്റിമീറ്റർ നീളത്തിൽ മുറിച്ചു മാറ്റേണ്ടിവന്നു. ശസ്ത്രക്രിയ വൈകിയിരുന്നെങ്കിൽ ജീവൻ അപകടത്തിലായേനേയെന്ന് ആരോഗ്യവിദഗ്ദര്‍ പറഞ്ഞു.

പുറത്തെടുത്ത് കത്രിക മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം വരുമ്പോൾ കൈമാറുമെന്നാണ് അധികൃതർ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും യുവതിയുടെ ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു.

Exit mobile version