Site iconSite icon Janayugom Online

ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യമായേക്കും; പ്രതീക്ഷ പങ്കുവച്ച് സെലന്‍സ്കി

റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ ഫലവത്തായേക്കുമെന്ന് പ്രതീക്ഷ പങ്കുവച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി. അതേസമയം തലസ്ഥാനമായ കീവിലും തീരദേശനഗരമായ മരിയുപോളിലും റഷ്യ വ്യോമാക്രമണം തുടരുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. സമാധാന കരാരിലേക്കെത്താനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ട്. എന്നാല്‍ ഉക്രെയ്ന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായ കരാറിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വീഡിയോ സന്ദേശത്തിലൂടെ സെലന്‍സ്കി പറഞ്ഞു. കൂടുതല്‍ പ്രയത്നവും ക്ഷമയുമാണ് ഈ സമയത്ത് വേണ്ടത്. എല്ലാ യുദ്ധങ്ങളും കരാര്‍ രൂപീകരണത്തിലൂടെയാണ് അവസാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനകാര്യങ്ങളില്‍ പോലും ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത നിലനില്‍ക്കുകയാണെന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ഉക്രെയ്ന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖൈയ്‌ലോ പോഡോലിയാക് പറഞ്ഞു. എന്നാല്‍ സമാധാന കരാറില്‍ എത്തിച്ചേകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈനിക നടപടി മൂന്നാഴ്ച പിന്നിട്ടുവെങ്കിലും ഉക്രെയ്നിലെ വലിയ നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പല നഗരങ്ങളിലും വ്യോമാക്രമണം രൂക്ഷമായി തുടരുകയാണ്. യുഎസ് 1360 കോടി ഡോളറിന്റെ സഹായധനം ഉക്രെയ്ന് കൈമാറും.

ഓസ്ട്രിയയും സ്വീഡനും പോലെ സൈനികേതര മേഖലയായി തുടരാന്‍ റഷ്യ ഉക്രെയ്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഉക്രെയ്ന്‍ ഈ ആവശ്യം നിരസിച്ചു. മരിയുപോളിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണെന്ന് ഉക്രെയ്ന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മരിയുപോളിലെ ആശുപത്രി പിടിച്ചെടുത്ത റഷ്യന്‍സേന അഞ്ഞൂറോളം പേരെ തടവിലാക്കുകയും ചെയ്തിരുന്നു.

eng­lish summary;Negotiations may become a real­i­ty; zelen­sky shared hope

you may also like this video;

Exit mobile version