കരയിലും കായലിലും ആവേശത്തിര തീർക്കാൻ പുന്നമടക്കായലൊരുങ്ങി. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്ന വിളിപ്പേരുള്ള നെഹ്രുട്രോഫി ജലോത്സവം നടക്കുമ്പോൾ ഇനി എല്ലാ കണ്ണുകളും പുന്നമടയിലേക്ക്. തുഴത്താളത്തിന്റെ ആവേശത്തിലലിയാൻ ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾ ആലപ്പുഴയിലേക്ക് ഒഴുകിയെത്തും. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിങ് ഇൻ ചീഫ്, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ഒമ്പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്രുട്രോഫിയിൽ മാറ്റുരയ്ക്കുന്നത്.
ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 19 വള്ളങ്ങളുണ്ട്. ചുരുളൻ ‑മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് ‑നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് ‑15, ഇരുട്ടുകുത്തി സി ഗ്രേഡ് ‑13, വെപ്പ് എ ഗ്രേഡ് ‑ഏഴ്, വെപ്പ് ബി ഗ്രേഡ് ‑നാല്, തെക്കനോടി തറ‑മൂന്ന്, തെക്കനോടി കെട്ട് ‑നാല് എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്രു പവലിയന്റെയും താല്കാലിക ഗാലറികളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. യന്ത്രവല്‍ക്കൃത സ്റ്റാർട്ടിങ് സംവിധാനവും ഫോട്ടോ ഫിനിഷിങ് സംവിധാനവും സജ്ജമാണ്.
2017ന് ശേഷം ആദ്യമായാണ് നെഹ്രുട്രോഫി ടൂറിസം കലണ്ടർ പ്രകാരം തന്നെ ഓഗസ്റ്റ് 12ന് തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം സിബിഎല്ലിന്റെ ഭാഗമായാണെങ്കിൽ ഇത്തവണ തനതായാണ് സംഘടിപ്പിക്കുന്നത്. ആവേശപ്പോരിൽ ജേതാക്കളാകാൻ മാസങ്ങൾക്ക് മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങൾ പരിശീലനം ആരംഭിച്ചിരുന്നു. വള്ളംകളിക്ക് സുരക്ഷയൊരുക്കാൻ 15 സെക്ടറുകളായി തിരിച്ച് രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിക്കും.
English Summary: nehru trophy boat race
You may also like this video