കാർഷിക പരിഷ്കരണ നിയമങ്ങൾ ചർച്ചകൂടാതെ അവതരിപ്പിക്കുകയും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിരുപാധികം പിൻവലിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവസ്ഥ 1950 കളിൽ അന്നത്തെ പ്രധാനമന്ത്രി നെഹ്രു നേരിട്ട അവസ്ഥയെ ഓർമ്മിപ്പിക്കുന്നു. നെഹ്രുവിന് ഭൂപരിഷ്കരണം, സഹകരണ കൃഷി എന്നിവ സംബന്ധിച്ച രണ്ടു നിയമങ്ങളാണ് എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നത്. ഇന്ന് കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020, അവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവയാണ് മോഡിക്ക് പിൻവലിക്കേണ്ടി വന്നത്. അവതരിപ്പിച്ച നിയമങ്ങൾ പിൻവലിക്കുക മാത്രമല്ല, മിനിമം താങ്ങുവിലയ്ക്കുള്ള പുതിയ നിയമനിർമ്മാണം പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകുകയും പ്രക്ഷോഭം നടത്തിയ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാമെന്ന് സമ്മതിക്കുകയും ചെയതിട്ടുണ്ട്. ഇവിടെയാണ് നെഹ്രുവും മോഡിയും തമ്മിലുള്ള നയപരമായ വ്യത്യാസം പ്രകടമാകുന്നത്. ഭൂപരിഷ്കരണത്തിന്റെയും സഹകരണ കൃഷിയുടെയും ഇരട്ട നേട്ടങ്ങളിലൂടെ ഇന്ത്യയുടെ കാർഷിക സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് നെഹ്രുസർക്കാർ ആലോചിച്ചത്. ആദ്യത്തേത് അവതരണ വേളയിൽ നിയമപരമായ തടസങ്ങൾ മൂലം മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും പിന്നീട് നടപ്പാക്കപ്പെട്ടു. എന്നാൽ സഹകരണ കൃഷി നിയമം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. എതിർപ്പിനെ അഭിമുഖീകരിച്ച നെഹ്രു പക്ഷേ, ലക്ഷ്യം നേടാൻ മറ്റു മാർഗങ്ങളെ കുറിച്ച് ചിന്തിച്ചു. കാർഷിക മേഖലയിലെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക മാർഗം അന്വേഷിക്കുകയും അതിലൂടെ മിച്ചമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങി, പൊതുവിതരണ സമ്പ്രദായം വഴി പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനും കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി. ഈ ആശയം നടപ്പിലാക്കാൻ പിന്നീട് മാറിമാറി വന്ന സർക്കാരുകൾ പ്രവർത്തിച്ചു. അത് ആത്യന്തികമായി ഹരിതവിപ്ലവത്തിലാണ് കലാശിച്ചത്. അതേ സമയം, കാർഷികോല്പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള നടപടികളും നെഹ്രു സർക്കാർ സ്വീകരിച്ചു. അക്കാലത്ത് സർക്കാരിന്റെ പ്രധാന നയതീരുമാനങ്ങൾ പാർലമെന്റിലേക്ക് പോകുന്നതിന് മുമ്പ് എഐസിസി വാർഷിക സമ്മേളനത്തിലായിരുന്നു ഉരുത്തിരിഞ്ഞിരുന്നത്. 1959 ൽ നാഗ്പൂരിൽ നടന്ന എഐസിസി 64ാം വാർഷിക സമ്മേളനത്തിൽ സഹകരണ കൃഷി നടപ്പാക്കാനുള്ള നിർദ്ദേശം നെഹ്രു അവതരിപ്പിച്ചപ്പോൾ ചൗധരി ചരൺ സിങ് എതിർത്തു. ഉത്തർപ്രദേശിൽ ഭൂപരിഷ്കരണ നയം നടപ്പിലാക്കിയയാളാണ് ചരൺ സിങ് പ്രാദേശിക കോൺഗ്രസ് നേതാക്കളും ചരൺസിങ്ങിനൊപ്പം നിന്നു. അങ്ങനെ സഹകരണ കൃഷി എന്ന ആശയം പരാജയപ്പെട്ടു. അന്ന് ഭൂപരിഷ്കരണം മൂലം ഭൂരഹിതരായ കർഷകർക്ക് ഭൂമി പുനർവിതരണം ചെയ്യാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നില്ല. പകരം, പരിഷ്കാരങ്ങൾക്കു ശേഷം ലഭ്യമായ മിച്ചഭൂമിയിൽ സർക്കാർ കൃഷിയിറക്കുകയും സഹകരണാടിസ്ഥാനത്തിൽ കൃഷി നടത്തുകയും ചെയ്യുക എന്നായിരുന്നു വിഭാവനം. വായ്പയും മറ്റ് നിക്ഷേപവും സർക്കാർ നടത്തി, ഭൂരഹിതരെ കൃഷിയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു ആശയം. പിന്നീട് ഉല്പന്നങ്ങൾ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്യും.
ഇതുകൂടി വായിക്കാം; ജനജീവിതം ദാരിദ്ര്യത്തിലമർന്ന ഇന്ത്യ
ഈ നയം കാർഷിക വ്യവസായവല്ക്കരണത്തിന് വഴിയൊരുക്കും എന്നതായിരുന്നു എതിരാളികളുടെ പ്രധാന വാദം. ഇത് രണ്ട് തരത്തിലുള്ള കൃഷിക്കാരെ സൃഷ്ടിക്കുന്നതിന് കാരണമാകും. ഒന്ന് സർക്കാർ പിന്തുണയുള്ള കർഷകരും മറ്റൊന്ന് ഇടത്തരം-ചെറുകിട കർഷകരും. ക്രമേണ സർക്കാർ പിന്തുണയുള്ള കർഷകർ, ഇടത്തരം-ചെറുകിട കർഷകരെ വിഴുങ്ങും എന്ന് വിമർശകർ വാദിച്ചു. സഹകരണ മാതൃകയിലൂടെ കൃഷിയിറക്കാൻ സർക്കാർ നേരിട്ട് ഇടപെടുന്നതിനുപകരം, അടിസ്ഥാന സൗകര്യങ്ങൾ, വായ്പകൾ, മറ്റ് സംരക്ഷണ നടപടികൾ എന്നിവയിലൂടെ ഇടത്തരം ചെറുകിട കർഷകർക്ക് പിന്തുണ നൽകുകയാണ് വേണ്ടതെന്നായിരുന്നു വിമർശകർ വാദിച്ചത്. എതിർപ്പിനെ അഭിമുഖീകരിച്ച നെഹ്രു കാർഷിക മേഖലയിലെ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തേടുകയും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകയുമാണ് ചെയ്തത്. സാങ്കേതികതയിലെ ഈ വളർച്ച ഹരിതവിപ്ലവത്തിലേക്ക് രാജ്യത്തെ നയിച്ചു. എന്നാൽ കാർഷികോല്പന്നങ്ങളുടെ വിപണിവില നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചതോടെ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾക്ക് ഉയർന്ന വില ആവശ്യപ്പെടാൻ തുടങ്ങി. അങ്ങനെ കർഷകർ ഒരു വോട്ടിങ് ബ്ലോക്കായി മാറുകയും ചരൺ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസിനു പുറത്ത് രാഷ്ട്രീയ ചേരി ഉയർന്നുവരികയും ചെയ്തു. നരേന്ദ്ര മോഡി കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെയുള്ള എതിർപ്പ് 1950 കളിലെ നിയമം നേരിട്ട എതിർപ്പിന്റെ സ്മരണയുണർത്തുന്നതാണ്. എന്നാൽ രണ്ടിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങൾ വിരുദ്ധമാണ് എന്നതാണ് സത്യം. നെഹ്രുവിന്റെ നയത്തിനെതിരായ പ്രധാനവാദം ഇടത്തരം ചെറുകിട കർഷകർക്ക് സർക്കാർപിന്തുണയുള്ള സഹകരണ കൃഷിയുമായി മത്സരിക്കാൻ കഴിയില്ലെന്നായിരുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങളുടെ ‘കരാർ കൃഷി’യോട് ഇടത്തരം ചെറുകിട കർഷകർക്ക് മത്സരിക്കാൻ കഴിയില്ലെന്നതാണ് മോഡിയുടെ നിയമത്തിനെതിരെയുള്ള പ്രതിഷേധം. കാർഷിക മേഖലയിൽ നിന്ന് സർക്കാർ പിൻവാങ്ങുകയും ഇടത്തരം ചെറുകിട കർഷകർക്ക് കഴിയാത്തവിധം വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് ബാങ്ക് വായ്പയുൾപ്പെടെ എളുപ്പത്തിൽ ലഭ്യമാകുന്ന നയം നിലനിൽക്കുകയും ചെയ്യുന്നത് അപകടകരമാണ്. ടെലികോം മേഖലയിൽ ചെറുകിട കമ്പനികളെ ഇല്ലാതാക്കിയ ജിയോ ഉദാഹരണമായി നിൽക്കുന്നു. ഇതേരീതിയിൽ വൻകിട സ്ഥാപനങ്ങൾ അവരുടെ സംഭരണശാലകളിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും വില നിയന്ത്രണത്തിലൂടെ ഇടത്തരം, ചെറുകിട കർഷകരെ ക്രമേണ ഇല്ലാതാക്കുകയും ചെയ്യുമെന്നും കർഷകർ ഭയപ്പെട്ടു. സഹകരണ കൃഷി പരിചയപ്പെടുത്താനുള്ള ശ്രമത്തിൽ, ഇടത്തരം, ചെറുകിട കർഷകരെ പിന്തുണയ്ക്കുന്നതോടൊപ്പം പാവപ്പെട്ടവർക്ക് ഭക്ഷണം ലഭ്യമാക്കുകയും വേണമെന്ന ഒരു പ്രതിസന്ധി നെഹ്രുവിന് നേരിടേണ്ടിവന്നു. കർഷകരുടെ താല്പര്യം ഹനിച്ചുവെന്ന് ആരോപണമുയർന്നെങ്കിലും ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഭക്ഷ്യധാന്യങ്ങൾ പിഡിഎസ് വഴി വിതരണം ചെയ്യുന്നതിനുമുള്ള സാങ്കേതിക മാർഗം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചു. ഇടത്തരം ചെറുകിട കർഷകരെ പിന്തുണയ്ക്കുന്നതിനും മധ്യവർഗത്തിന്റെ ആവശ്യം നിറവേറ്റുന്നതിനും മോഡിയും പ്രതിസന്ധി നേരിടുന്നുണ്ട്. ഭക്ഷ്യയോഗ്യമായ വസ്തുക്കളുടെ വില, പ്രത്യേകിച്ച് നശിച്ചുപോകുന്ന വസ്തുക്കളുടെ വില, മധ്യവർഗത്തിന്റെ ആശങ്കകളിലൊന്നാണ്. ഈ മധ്യവർഗമാണ് മോഡിയുടെ വോട്ട് ബാങ്ക്. നല്ല സംഭരണ സൗകര്യങ്ങളുടെ അഭാവമാണ് അടിക്കടിയുള്ള വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. പുതിയ കാർഷിക നിയമങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന്, ഭക്ഷ്യവസ്തുക്കൾക്കായി സംഭരണ സൗകര്യം നിർമ്മിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുക എന്നതായിരുന്നു. ഇത് ആത്യന്തികമായി വില കുറയ്ക്കുമെന്ന് മോഡിയും സംഘവും വാദിച്ചു. എന്നാൽ സ്വകാര്യ സംഭരണം വില കുറയ്ക്കുന്നതിന് പകരം വർഷം മുഴുവനും വില സ്ഥിരത കൈവരിക്കുമെന്ന് അനുഭവം സൂചിപ്പിക്കുന്നു. രാജ്യത്ത് ആപ്പിളിന്റെ വിലയിൽ മാറ്റമുണ്ടാകുന്നുണ്ടെങ്കിലും ഇടക്കിടെ വില കൂടാത്തത് ഉദാഹരണം. സ്വകാര്യ കമ്പനികൾ ആപ്പിൾ സംഭരിക്കുന്ന തരത്തിലുള്ള കരാർ കൃഷിയാണ് ഇതിന് കാരണം. സമാനമായ രീതിയിൽ ടെസ്കോ, ലിഡിൽ തുടങ്ങിയ മെഗാ കോർപറേഷനുകളുടെ വിതരണ നിയന്ത്രണം കാരണം യൂറോപ്യൻ രാജ്യങ്ങളിലും ആപ്പിൾ വിലയിൽ ചാഞ്ചാട്ടമുണ്ടാകുന്നില്ല. മോഡിക്ക് ശക്തമായ പിന്തുണയുള്ള നഗര മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം വലിയ ആശങ്കയാണ്. കർഷകരുടെ ആവശ്യങ്ങൾക്ക് വഴങ്ങി മോഡി ഈ വോട്ട്ബാങ്കിന്റെ ആശങ്കയ്ക്കെതിരായെടുത്ത പിൻവലിക്കൽ തീരുമാനം വരുന്ന തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
(ലണ്ടൻ സർവകലാശാലയിലെ പൊളിറ്റിക്സ് ആന്റ് ഐആർ റിസർച്ച് സ്കോളറാണ്
ലേഖകൻ — കടപ്പാട്: ദ പ്രിന്റ്)