ആലപ്പുഴ നെഹ്റുട്രോഫി വള്ളം കളിഫലം പുനഃപരിശോധിക്കണമെന്ന് വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി ( വിബിസി) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകി. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് പുന്നമടയിൽ സംഭവിച്ചത്. കാരിച്ചാലിന്റെ സമയം കുറച്ചുകാണിച്ചെന്നും സമയം നിർണയിക്കാനുള്ള ആധുനിക സംവിധാനങ്ങളൊന്നും ഇല്ലാത്തപ്പോൾ എങ്ങനെയാണ് കൃത്യമായി സമയം നിശ്ചയിക്കുന്നതെന്നും രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് അധികൃതർ ചോദിക്കുന്നു. കാരിച്ചാലിന് ട്രോഫി പെട്ടെന്ന് തന്നെ കൊടുത്തു വിടുകയായിരുന്നു. സാധാരണ കളിവള്ളങ്ങളെല്ലാം നിരന്ന് കഴിഞ്ഞ് ആഘോഷപൂർവമാണ് ട്രോഫി നൽകുന്നത്. എന്നാല്‍ അന്ന് അവിടെ അങ്ങനെ ഉണ്ടായില്ല.
രാഷ്ട്രീയ പ്രേരിതമായുള്ള സംഭവങ്ങളാണ് ഇതിന് പിന്നിലെന്ന് വിബിസി ഭാരവാഹികള്‍ പറഞ്ഞു. എൻടിബിആർ നിബന്ധനകൾക്ക് വിരുദ്ധമായി കാരിച്ചാൽ ചുണ്ടനിലെ തുഴച്ചിൽകാർ തടി കൊണ്ട് നിർമ്മിച്ച തുഴയാണ് ഉപയോഗിച്ചത്. തോൽവിയുടെ കാരണം അറിയാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഫലനിർണയത്തിൽ ശരീയായ തീരുമാനം അല്ല ഉണ്ടായതെന്നും നീതി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വിബിസി സെക്രട്ടറി രാജീവ്, വൈസ് പ്രസിഡന്റ് കെ പി രാജു, ജോയിന്റ് സെക്രട്ടറി രാകേഷ്, സജു സെബാസ്റ്റ്യന്‍, സിജി വിജയന്‍, പി വി മാത്യു, ജോസ് പവ്വത്തില്‍ എന്നിവര്‍ പങ്കെടുത്തു.