ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ രണ്ട് സ്ത്രീകളെ നരബലി നടത്തിയ ആളാണ് ഭാഗവൽ സിങ് എന്ന് ഇനിയും ഇലന്തൂരുകാര്‍ക്ക് വിശ്വസിക്കാന്‍ ആകുന്നില്ല. ഇന്നലെ വരെയും നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ തിരുമ്മു ചികിത്സ നടത്തുന്ന വൈദ്യരായിരുന്നു ഇലന്തൂര്‍ സ്വദേശിയായ ഭാഗവൽ സിങ്. സൈബറിടത്തും വളരെ ആക്ടീവായ വ്യക്തിയായിരുന്നു ഇയാള്‍. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് മുഖേനെ കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.
ഇലന്തൂരിൽ നിന്ന് പുന്നായ്ക്കാട് വഴിയിലാണ് ഭഗവൽ സിംഗിന്റെ വീട്. ഭഗത് സിംഗെന്നാണ് ഏവരും വിളിക്കുന്നത്. പുളിന്തിട്ട പള്ളിക്ക് അടുത്താണ് വീട്. പള്ളിക്ക് അകത്തു കൂടിയും വീട്ടിലേക്ക് പോകാം. പാരമ്പര്യമായി തിരുമ്മൽ വൈദ്യ ചികിത്സ നടത്തുന്ന കുടുംബാംഗം ആണ് ഇയാൾ. തിരുമലും മറ്റും ചെയ്തു നടക്കുന്ന ഇയാൾ എന്തിനാണ് ഇയാൾ നരബലി നടത്തിയെന്ന് നാട്ടുകാർക്ക് പിടികിട്ടുന്നില്ല. സൗമ്യനായി നാട്ടുകാരോട് ഇടപെടും. ഉളുക്ക് പോലുള്ള അസുഖങ്ങൾ എത്തുമ്പോൾ നാട്ടുകാർ ആദ്യം ഓടിയെത്തുന്നതും ഇയാളുടെ അടുത്താണ്. ഇന്നലെ രാവിലെ പൊലീസ് സംഘം എത്തി ഭാര്യയേയും ഭർത്താവിനേയും കൊണ്ടു പോയി. രാവിലെ വാർത്ത എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന നരബലിയിൽ ഇയാളുടെ പങ്ക് വ്യക്തമാകുന്നത്.
English Summary: neighbours about Bhagavalsingh
You may like this video also