Site icon Janayugom Online

നേമം റെയിൽവേ ടെർമിനൽ : കേന്ദ്രമന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു

നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിച്ചത്‌ ഭൂമി ഏറ്റെടുത്ത്‌ നൽകാത്തതിനാലാണെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാദം പച്ചക്കള്ളം. പദ്ധതിക്ക്‌ സ്ഥലം നൽകണമെന്ന്‌ റെയിൽവേ സംസ്ഥാന സർക്കാരിനെയോ എംപിമാരെയോ ഒരുഘട്ടത്തിലും അറിയിച്ചിട്ടില്ല. നിരവധി തവണ റെയിൽവേ മന്ത്രാലയവുമായി നടന്ന കത്തിടപാടിലും ഇക്കാര്യം പറയുന്നില്ല. 2022 മെയ്‌ 15നു നൽകിയ ഓഫീസ്‌ മെമ്മോറാണ്ടത്തിൽ തിരുവനന്തപുരം സെൻട്രലിന്റെ ഉപ ടെർമിനലായി കൊച്ചുവേളി ഉള്ളതിനാൽ പദ്ധതി ഉപേക്ഷിച്ചെന്നാണ്‌ റെയിൽവേ മന്ത്രാലയം അറിയിച്ചത്‌.അംബ്രലാ വർക്കിൽ ഉൾപ്പെടുത്തി നേമം ടെർമിനലിന്‌ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഡിപിആർ തയ്യാറാക്കിയെന്നുമായിരുന്നു 2021 ജൂലൈ 30നു രാജ്യസഭയിൽ പറഞ്ഞത്‌. 

കഴിഞ്ഞ ജനുവരി 12നു ഡിപിആർ തയ്യാറാക്കി ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന്‌ സമർപ്പിച്ചതായി ജനറൽ മാനേജരും അറിയിച്ചു.മാർച്ച്‌ 23നു രാജ്യസഭയിൽ റെയിൽവേ മന്ത്രാലയത്തിന്റെ പ്രവർത്തനം സംബന്ധിച്ച ചർച്ചയ്‌ക്കിടയിലും മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഭൂമി വിഷയം പറഞ്ഞില്ല. നേമം പദ്ധതി ഉപേക്ഷിച്ചതിൽ ആദ്യം വി മുരളീധരന്‌ വ്യക്തമായ മറുപടി ഇല്ലായിരുന്നു. ബിജെപി നേതൃത്വവും കേന്ദ്രവും പ്രതിരോധത്തിലായപ്പോഴാണ്‌ സംസ്ഥാന സർക്കാരിനെതിരെ കള്ളവുമായി രംഗത്തുവന്നത്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേമം ടെർമിനൽ ബിജെപിയുടെ പ്രചാരണായുധമായിരുന്നു. പദ്ധതി ഉപേക്ഷിച്ചതിനെക്കുറിച്ച്‌ മുൻ എംഎൽഎ ഒ രാജഗോപാൽ പ്രതികരിച്ചിട്ടില്ല.

സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാലാണ് നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതെന്ന ആരോപണം അസംബന്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ടെർമിനലിനുവേണ്ടി സ്ഥലം ഏറ്റെടുത്തു നൽകാൻ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തിന് കത്ത്‌ നൽകിയിട്ടില്ല. റെയിൽവേ ബോർഡിന്റെ മെമ്മോറാണ്ടത്തിൽ പദ്ധതി പ്രായോഗികമല്ല എന്നാണ് സൂചിപ്പിക്കുന്നത്. കേന്ദ്ര റെയിൽവേയുടെ നിലപാടിന് വിരുദ്ധമാണ് വിദേശ സഹമന്ത്രിയുടെ വാക്കുകൾ. പദ്ധതി ഉപേക്ഷിച്ച തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Nemom Rail­way Ter­mi­nal: Union Min­is­ter’s argu­ments fall apart

You may also like this video:

Exit mobile version