Site iconSite icon Janayugom Online

നേപ്പാള്‍ പ്രളയം: മരണ സംഖ്യ 200 കടന്നു

നേപ്പാളില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 200 കടന്നു. 89 പേര്‍ക്ക് പരിക്കേറ്റതായും 33 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 4,00ത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പക്കവും കാരണം കിഴക്കൻ, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

സൈന്യം, പൊലീസ് ആംഡ് പൊലീസ് തുടങ്ങിയവരെ ഇറക്കി രക്ഷാപ്രവർത്തനം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി പ്രകാശ് മൻ സിങ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനിച്ചു. താല്‍ക്കാലിക ഭവന നിർമ്മാണം, ഗതാഗതം പുനഃസ്ഥാപിക്കല്‍, സൗജന്യ ചികിത്സ തുടങ്ങിയവ ഉറപ്പാക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. പ്രളയബാധിതർക്ക് ഭക്ഷണവും മറ്റ്അടിയന്തര സഹായ സാമഗ്രികളും നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്താൻ ടാസ്‌ക് ഫോഴ്‌സിനെയും നിയോഗിച്ചു.

20ൽ പരം ജലവൈദ്യുതി പദ്ധതികൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതു കഠ്മണ്ഡുവിലെ വൈദ്യുതി വിതരണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ 45 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും മൺസൂണും പതിവിനേക്കാൾ വടക്കുമാറി സ്ഥിതി ചെയ്യുന്നതാണ് അതിശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Exit mobile version