Site iconSite icon Janayugom Online

പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് യോഗ്യത; പാര്‍ശ്വവല്‍കൃത വിഭാഗത്തിന് തിരിച്ചടി

രാജ്യത്തെ ദളിത്, പിന്നാക്ക, ആദിവാസി വിഭാഗത്തിലെയും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളിലെയും വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള തീരുമാനവുമായി യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മിഷന്‍ (യുജിസി). പിഎച്ച്ഡിക്കും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (എന്‍ഇടി) നിര്‍ബന്ധമാക്കിയാണ് യുജിസി പാര്‍ശ്വവല്‍കൃത വിദ്യാര്‍ത്ഥികളെ ദ്രോഹിച്ചിരിക്കുന്നത്. ഈ തീരുമാനം സര്‍വകലാശാലകളുടെ സ്വയംഭരണത്തിന് വിലങ്ങുതടിയാണെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2024–25 അധ്യായന വര്‍ഷം മുതല്‍ നെറ്റ് പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുയുള്ളുവെന്നാണ് യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം. കഴിഞ്ഞ മാസം 13ന് ചേര്‍ന്ന യുജിസി സമിതിയാണ് തീരുമാനം അംഗീകരിച്ചത്. നേരത്തെ പിഎച്ച്ഡി നേടുന്നതിന് അതാത് യൂണിവേഴ്സിറ്റി/ കോളജ് ആവശ്യപ്പെടുന്ന പ്രവേശന പരീക്ഷ വിജയിച്ചാല്‍ മതിയായിരുന്നു. ശേഷം, യൂണിവേഴ്സിറ്റി/കോളജ് നടത്തുന്ന വ്യക്തിഗത അഭിമുഖത്തിന്റെ മാര്‍ക്ക് കൂടി പരിഗണിച്ചായിരുന്നു പ്രവേശനം.

കോളജുകളും സര്‍വകലാശാലകളും നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ നിര്‍ത്തലാക്കി, പകരം ദേശീയ തലത്തില്‍ നടത്തപ്പെടുന്ന നെറ്റ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രം പിഎച്ച്ഡി രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്ന അറിയിപ്പ് യുജിസി, സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് കഴിഞ്ഞയാഴ്ച അയച്ചു. ദേശീയ തലത്തില്‍ നടത്തപ്പെടുന്ന നെറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിക്കുന്നത് പലപ്പോഴും മികച്ച കോച്ചിങ്ങിലൂടെയാണ്. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന കോച്ചിങ് സ്ഥാപനങ്ങളില്‍ വന്‍തുക കൊടുത്ത് പരിശീലനം നേടി നെറ്റ് പരീക്ഷയില്‍ വിജയം നേടുന്നതിലധികവും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള വിദ്യാര്‍ത്ഥികളാണ്. ഇനിമുതല്‍ ഇവരോട് മത്സരിച്ചുവേണം മികച്ച അക്കാദമിക യോഗ്യതയുള്ള പാര്‍ശ്വവല്‍കൃത വിഭാഗം വിദ്യാര്‍ത്ഥികള്‍ പിഎച്ച്ഡി പ്രവേശനം നേടേണ്ടത്. 

കോളജ് അധ്യാപക യോഗ്യതയായി നെറ്റ്, പിഎച്ച്ഡി, എംഫില്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് മതിയായിരുന്നു. അത് മാറ്റിയാണ് നെറ്റ് പാസാകുന്നവര്‍ക്ക് മാത്രം പിഎച്ച്ഡി പ്രവേശനം എന്ന തീരുമാനം. 10 അംഗങ്ങള്‍ ഉണ്ടാകേണ്ട യുജിസി സമിതിയില്‍ സര്‍ക്കാര്‍ നോമിനികളായ നാലുപേര്‍ മാത്രം പങ്കെടുത്ത യോഗമാണ് വിവാദ തീരുമാനം കൈക്കൊണ്ടതെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കേന്ദ്ര സര്‍ക്കാന്‍ നാമനിര്‍ദേശം ചെയ്ത രണ്ട് പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യുജിസിയുടെ തീരുമാനത്തിലൂടെ കോളജുകളിലും സര്‍വകലാശാലകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഇനി ഏറെ ബുദ്ധിമുട്ടായി മാറുമെന്ന് അക്കാദമിക് വിദഗ്ധര്‍ പറഞ്ഞു. സ്വയം ‌ഭരണാവകാശമുള്ള സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നീക്കം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും ജാമിയ മിലിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ പാര്‍ത്ഥയ മലക്കാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: NET Eli­gi­bil­i­ty for PhD admis­sion; A set­back for the mar­gin­al­ized section
You may also like this video

Exit mobile version