Site iconSite icon Janayugom Online

നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി; ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി, ധനുഷിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി അഞ്ചിന്

നയന്‍താര ഡോക്യുമെന്ററിയില്‍ നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടിയായി. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടന്‍ ധനുഷ് നല്‍കിയ ഹര്‍ജി പരിഗണിക്കരുതെന്ന ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളിയ ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ്, ധനുഷിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി അഞ്ചിന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു. ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ നയന്‍താര ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ധനുഷിന്റെ നിര്‍മ്മാണ കമ്പനി വണ്ടര്‍ബാര്‍ കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ധനുഷിന്റെ ഹര്‍ജിക്ക് പിന്നാലെയാണ് നെറ്റ് ഫ്‌ലിക്‌സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്.

ധനുഷിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കരുത്, നെറ്റ് ഫ്‌ലിക്‌സിന്റെ ആസ്ഥാനം മുംബൈയും, ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചിപുരവുമാണ്. അതിനാല്‍ ഹര്‍ജി കാഞ്ചിപുരം കോടതിയോ മുംബൈയിലെ കോടതിയോ ആണ് പരിഗണിക്കേണ്ടതെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഡോക്യുമെന്ററി പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ഹര്‍ജിയില്‍ വാദിച്ചു. ധനുഷ് ഡോക്യൂമെന്‍ററി റിലീസ് ചെയ്ത് ഏഴു ദിവസത്തിന് ശേഷമാണ് ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് എന്നും നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കി. എന്നാല്‍ സിനിമയുടെ ചിത്രീകരണം നടത്തുന്ന സമയത്ത് കമ്പനിയുടെ ആസ്ഥാനം ചെന്നൈയായിരുന്നു. കൂടാതെ കരാറില്‍ സിനിമയില്‍ നയന്‍താര ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈലും അടക്കം പകര്‍പ്പവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ധനുഷിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

Exit mobile version