അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇന്ന് കുട്ടികളുടെ കൈകളിലേക്ക്. പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ കൈത്തറി യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി പ്രകാരമാണ് യൂണിഫോം കുട്ടികൾക്ക് നൽകുന്നത്.
8,00,193 കുട്ടികൾക്കാണ് പുതിയ അധ്യയന വർഷം കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പേ പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമും കുട്ടികളുടെ കൈകളിലേക്ക് എത്തുന്നത്. 2026–27 അധ്യയന വർഷത്തേക്ക് 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ 55 ലക്ഷം പാഠപുസ്തകങ്ങൾ കേരള ബുക്ക്സ് ആന്റ് പബ്ലിഷിങ് സൊസൈറ്റിയുടെ വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്.

