ഒന്നര വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ക്ഷേമം വീടുകളിലെത്തി ഉറപ്പുവരുത്താന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർവഹിച്ച് സംസാരിക്കവെയാണ് സംസ്ഥാനത്ത് ഹോം ബേസ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാ പ്രവർത്തകർ വീടുകളിലെത്തി ആദ്യ ആഴ്ച മുതൽ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും.
പ്രതിരോധ കുത്തിവയ്പുകൾ കുഞ്ഞിന്റെ വളർച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികൾ, ആനുകൂല്യങ്ങൾ എന്നിവ ആശാപ്രവർത്തകർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ശിശുമരണനിരക്ക് 2021 ൽ ആറ് ആയിരുന്നു. ഇപ്പോഴത് അഞ്ചിനടുത്താണ്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന് 2030 നകം നവജാതശിശു മരണനിരക്ക് 12 ൽ താഴുക എന്നതാണ്.
ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു. അഞ്ചിൽ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്. നിലവിൽ കേരളത്തിൽ 24 എസ്എൻസിയു പ്രവർത്തിക്കുന്നു. ഇത് കൂടാതെ 64 എൻബിഎസ്‌യു, 101 എൻബിസിസി എന്നിവ സർക്കാർ മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്. നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതിന് കേരളത്തിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ഹൃദ്യം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 6600 ഓളം കുഞ്ഞുങ്ങളെയാണ് ഇതിലൂടെ രക്ഷിക്കാനായത്.
ഗർഭിണിയാകുന്നത് മുതൽ കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നവജാതശിശു സ്ക്രീനിങ് ആയ ശലഭം നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നവജാതശിശു ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ തുടർപരിചരണം മെച്ചപ്പെടുത്താനുള്ള പ്രത്യേക കോൾ സംവിധാനത്തിന്റെ ഉദ്ഘാടനവും, എസ്‌എടി ആശുപത്രിയിൽ നിന്നും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സുഖം പ്രാപിച്ച 75 നവജാത ശിശുക്കളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പം നടന്നു.
English Summary: new born baby protection; kerala govt introduced new scheme
You may also like this video