രാമനവമി ശോഭായാത്രയില്‍ വിവാദ പരാമർശം നടത്തിയതിന് ബിജെപി നേതാവ് ടി രാജാസിങ്ങിനെതിരെ കേസെടുത്തു. നേരത്തെ ഹൈദരാബാദിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎയാണ് ടി രാജാസിങ്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ക്രിമിനൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അഫ്സൽഗഞ്ച് പൊലീസ് സസ്‌പെൻഡ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ശോഭായാത്രയില്‍ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ഫോട്ടോയും വഹിച്ച് ആളുകള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതേ ഘോഷയാത്ര രാത്രി ഒമ്പത് മണിയോടെ എസ്എ ബസാറിലെത്തിയപ്പോള്‍ രാജാസിങ് ആനപ്പുറത്ത് കയറി പ്രസംഗം തുടങ്ങി. സ്വന്തം മണ്ഡലത്തില്‍പ്പെട്ട എസ്എ ബസാർ ഏരിയയില്‍ തന്നെയാണ് എംഎൽഎയുടെ വീട്. ഇന്ത്യ ഹിന്ദു രാഷ്ട്രമായാൽ രണ്ട് കുട്ടികൾ എന്ന നയം പിന്തുടരുന്നവർക്ക് മാത്രമേ വോട്ടവകാശം നൽകൂ എന്ന് ആവര്‍ത്തിച്ചു. ‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായാൽ, ‘ഞങ്ങൾ രണ്ട്, നമ്മുടെ രണ്ട്’ നയത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ വോട്ടവകാശം ലഭിക്കൂ, ‘ഞങ്ങൾ അഞ്ച്, നമ്മുടെ 50’ നയം പിന്തുടരുന്നവരെ വോട്ടുചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു ശോഭായാത്രയിലെ പ്രസംഗം.
എസ്എ ബസാറിലെ ശങ്കർ ഷെർ ഹോട്ടലിന് സമീപത്ത് നടത്തിയ എംഎൽഎയുടെ വിദ്വേഷ പ്രസംഗം പൊലീസ് കോൺസ്റ്റബിൾ കീർത്തി കുമാർ വീഡിയോ കാമറയിൽ പകർത്തിയിരുന്നു. എസ്എച്ച്ഒ എം രവീന്ദർ റെഡ്ഡി ഇതില്‍ പ്രത്യേകം അന്വേഷണം നടത്തിയാണ് രാജാ സിങ്ങിനെതിരെ കുറ്റംചുമത്തിയത്.
‘നമ്മുടെ സന്യാസിമാർ ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കുമെന്നത് ചിത്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്’ രാജാസിങ് പ്രസംഗത്തില്‍ പറഞ്ഞു. പുതിയ രാഷ്ട്രത്തിന്റെ ഭരണഘടനയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹി ആയിരിക്കില്ല. കാശി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ ഒന്ന് സന്യാസിമാർ തിരഞ്ഞെടുക്കും. ഹിന്ദുരാഷ്ട്രം കർഷകർക്ക് നികുതി രഹിതമായിരിക്കും. അവിടെ ഗോഹത്യയും മതപരിവർത്തനവും ഉണ്ടാകില്ല’.
ഇക്കഴിഞ്ഞ ജനുവരിയിൽ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിനാണ് എംഎൽഎയെ സസ്‌പെൻഡ് ചെയ്തത്. ഈ സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ജനുവരി 29ന് മുംബൈയിൽ സംഘടിപ്പിച്ച സകാൽ ഹിന്ദു സമാജ് റാലിയിലും രാജാസിങ് പങ്കെടുത്ത് വിവാദ പ്രസംഗം തുടര്‍ന്നിരുന്നു.
അതിനിടെ രാമനവമി പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത പശ്ചാത്തലത്തില്‍ ടി രാജാസിങ്ങിനെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
English Sammuty: Hate speech at Ram Navami Sobhayatra too; New case against BJP Leader T Rajasingh