Site iconSite icon Janayugom Online

മണിപ്പൂരില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണം: സിപിഐ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സംവിധാനം പരാജയപ്പെട്ടെന്നതിന്റെ തെളിവാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ ഏത് ഹീനമായ മാര്‍ഗവും സ്വീകരിക്കുമെന്നതിന്റെ ഉദാഹരണവുമാണിത്. പാർലമെന്റ് സമ്മേളനം അവസാനിച്ചതിനുശേഷം തീരുമാനം പ്രഖ്യാപിച്ചത് സത്യസന്ധതയില്ലായ്മയും പാർലമെന്ററി ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ പാർലമെന്റിന്റെ സൂക്ഷ്മപരിശോധന ഒഴിവാക്കാനാണ് ഇത് ചെയ്തത്. പ്രതിസന്ധി രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രി ഒരിക്കൽപ്പോലും സംസ്ഥാനം സന്ദർശിക്കാൻ തയ്യാറായില്ല. നിർണായകമായ തീരുമാനം പ്രഖ്യാപിക്കുമ്പോഴും അദ്ദേഹം വിദേശത്തായിരുന്നു.

മണിപ്പൂർ പോലെ തന്ത്രപ്രധാനവും സങ്കീര്‍ണവുമായ സംസ്ഥാനത്തെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മണിപ്പൂരിലെ ബിജെപി സർക്കാരും പരാജയപ്പെട്ടിരിക്കുന്നു എന്നത് ദേശീയ സുരക്ഷയെക്കുറിച്ചുള്ള അവരുടെ പൊള്ളയായ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നു. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായിട്ട് രണ്ട് വർഷമായ സംസ്ഥാനത്ത് ഇപ്പോള്‍ അനിശ്ചിതത്വം കണ്ടെത്താനുള്ള കാരണം എന്താണെന്ന് സെക്രട്ടേറിയറ്റ് ചോദിച്ചു. വിഷയത്തില്‍ ബിജെപി വ്യക്തത വരുത്തണം. 

സംസ്ഥാനത്ത് സമാധാനവും സമവായവും സൃഷ്ടിക്കുന്നതിന് എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നതിന് ശ്രമിക്കേണ്ട സമയമാണിത്. ജനാധിപത്യവിരുദ്ധമായ മാർഗങ്ങളിലൂടെ അധികാരത്തിൽ തുടരുന്നതിനുപകരം സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെയും സംഘടനകളെയും വിശ്വാസത്തിലെടുത്ത് പ്രതിസന്ധിയുടെ അടിസ്ഥാനകാരണം കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭരണം സംസ്ഥാന പദവിയെ ദുർബലപ്പെടുത്തുന്നതിനോ, മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിനോ, ജനാധിപത്യ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിനോ മറയായി ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. നിയമസഭയെ താൽക്കാലികമായി മരവിപ്പിക്കുന്നതിന് ന്യായമോ രാഷ്ട്രീയ യുക്തിയോ ഇല്ലെന്നും പുതിയ ജനവിധി തേടുകയാണ് വേണ്ടതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

Exit mobile version