Site iconSite icon Janayugom Online

അശോകവനിയിലെ സീതയ്ക്ക് തണലേകിയ ശിംശിപാവൃക്ഷം, സർവകലാശാലാ സസ്യോദ്യാനത്തിലും പൂവണിഞ്ഞു

seethaseetha

സപുഷ്പി സസ്യഗണത്തിലെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിംശിപാ വൃക്ഷം കാലിക്കറ്റ് സസ്യോദ്യാനത്തിൽ പൂവണിഞ്ഞു. അശോക മരത്തോട് രൂപസാദൃശ്യം പുലർത്തുന്ന ശിംശിപായുടെ ജന്മദേശം മ്യാൻമർ ആണ്. മ്യാന്മാറിന്റെ അഭിമാനം എന്നറിയപ്പെടുന്ന ഈ വൃക്ഷത്തെക്കുറിച്ച് രാമായണത്തിൽ പരാമർശമുണ്ട്.
വിരഹവ്യഥയാൽ ക്ഷീണിതയായ സീത അശോകവനിയിലെ ശിംശിപാ വൃക്ഷച്ചുവട്ടിലിരിക്കുന്നതായാണ് കാവ്യത്തിൽ പറയുന്നത്. കണിക്കൊന്നയും അശോകവും രാജമല്ലിയും ഉൾപ്പെടുന്ന സിസാൽപിനേസിയേ സസ്യ കുടുംബാംഗമായ ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം ആംഹേസ്റ്റിയ നൊബിലിസ് (Amher­s­tia nobilis) എന്നാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏഷ്യയിലെ സസ്യങ്ങൾ ശേഖരിച്ച് പഠനം നടത്തിയിരുന്ന ലേഡി സാറാ ആംഹേസ്റ്റിന്റെ സ്മരണയ്ക്കായി നാമകരണം നടത്തിയിട്ടുള്ള ആംഹേസ്റ്റിയ ജനുസ്സിലെ ഏകയിനമാണ് ശിംശിപാ വൃക്ഷം. രണ്ടടിയോളം നീളത്തിൽ തൂങ്ങിക്കിടക്കുന്ന മനോഹരങ്ങളായ പൂങ്കുലകൾ കൗതുകകരമായ കാഴ്ചയൊരുക്കുന്നു. പൂക്കൾക്ക് മഞ്ഞയും വെള്ളയും കലർന്ന ഓറഞ്ച് നിറമാണുള്ളത്.
കേരള വനഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച വൃക്ഷത്തൈ 2018ലാണ് സർവകലാശാലാ ഉദ്യാനത്തിൽ അന്നത്തെ ഗവർണർ ആയിരുന്ന ജസ്റ്റിസ് പി. സദാശിവം നടുന്നത്. അപൂർവമായി ചിലയിടങ്ങളിൽ ശിംശിപാ വൃക്ഷം നട്ടുവളർത്തി വരുന്നുണ്ടെങ്കിലും തൈകളുടെ ദൗർലഭ്യം കാരണം അധികം പ്രചാരം നേടിയിട്ടില്ല. പതിവെച്ച് തൈകൾ ഉണ്ടാക്കുന്നതാണ് ഏറെ പ്രായോഗികം.

Eng­lish Sum­ma­ry: New flower blos­soms in Cali­cut Campus
You may like this video also

Exit mobile version