Site iconSite icon Janayugom Online

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു; വിശ്വാസം വൃണപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് കെ ജയകുമാര്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പ്രസിഡന്റായും മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ രാജു ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു. ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ജയകുമാർ പറഞ്ഞു.

വിശ്വാസം വൃണപ്പെടുത്തുന്ന ഒരു നടപടിയും ഈ ഭരണസമിതി അനുവദിക്കില്ല. ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്തവമാണ്. വളരെ സങ്കടകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല.

കോടതി നിയന്ത്രിക്കുന്ന അന്വേഷണ സംഘത്തിന്റെ മുന്നിലുളള കാര്യമാണ്. അതിനെപ്പറ്റി എന്തെങ്കിലും പറയുന്നത് അവിവേകമായിരിക്കും. പക്ഷെ ഈ വാര്‍ത്തകള്‍ വിശ്വാസികളുടെയും കേരളത്തിന്റെയും മനസില്‍ സങ്കടമുണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ നിര്‍ണായകമായ സമയത്താണ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത്. നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്റെ വിശ്വാസ്യതയ്ക്കു ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

Exit mobile version