Site icon Janayugom Online

നെഗറ്റീവായി 30 ദിവസത്തിനകം മരിച്ചാലും കോവിഡ് മരണം

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്.ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. എന്നാൽ കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു.

ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാർഗരേഖ പുതുക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ ഇത്തരത്തിൽ കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോൾ 30 ദിവസമായി ദീർഘിപ്പിച്ചിരിക്കുന്നത്.

കോവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്. ഇതിന് കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്ന ആരോപണം ലോകത്താകമാനം ഉയര്‍ന്നുവന്നിരുന്നു. ഇന്ത്യയിലും രാഷ്ട്രീയമായി പല സംസ്ഥാനങ്ങളിലും ഈ ആരോപണം ഉണ്ടായി. ലോകാരോഗ്യസംഘടനയും രാജ്യത്ത് ഐസിഎംആറും നല്‍കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ചാണ് കോവിഡ് മരണം തിട്ടപ്പെടുത്തിയിരുന്നത്. ഈ വിവാദങ്ങള്‍ക്കാണ് പുതിയ കോവിഡ് മരണ മാര്‍ഗനിര്‍ദ്ദേശത്തോടെ അന്ത്യമാവുന്നത്.

കേരളത്തിലുള്‍പ്പെടെ പ്രതിദിന മരണ നിരക്കുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും പട്ടികയില്‍ നിന്ന് പുറത്തായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയോഗിക മാര്‍ഗങ്ങളില്ലെന്നത് പ്രതിസന്ധിയായിരുന്നു. ഡിഎംഒമാര്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, മരിച്ച രോഗിയുടെ ആസ്പത്രി രേഖകളില്‍ കോവിഡ് ബാധ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ എങ്ങനെ പട്ടികയില്‍ ഇടംനേടുമെന്ന ആശങ്കയാണ് നിലനിന്നത്. കോവിഡ് നെഗറ്റീവ് ആയശേഷം മറ്റെന്തിലും അസുഖം ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആ സമയം കോവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ആസ്പത്രി രേഖകളില്‍ രോഗിക്ക് കോവിഡ് ഇല്ലെന്നാണ് രേഖപ്പെടുത്തുക. ഇതനുസരിച്ച് സംസ്ഥാനത്ത് കണക്കില്‍പ്പെടാതെ പോയ മരണങ്ങളുടെ സംഖ്യ ഭീമമായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Eng­lish Sum­ma­ry : New guide­lines for covid deaths in India

You may also like this video :

Exit mobile version