Site iconSite icon Janayugom Online

കെപിഎസിക്ക് പുതിയ ആസ്ഥാനമൊരുങ്ങി; ഇന്ന് ഉദ്ഘാടനം

KPSCKPSC

ജനകീയ നാടകങ്ങളിലൂടെ ജനമനസുകളിൽ വിപ്ലവാവേശം വിതച്ച നാടകപ്രസ്ഥാനമായ കെപിഎസിക്ക് ഇനി പുതിയ ആസ്ഥാന മന്ദിരം. നവീകരിച്ച കാമ്പിശേരി കരുണാകരൻ സ്മാരകത്തിന്റെയും തോപ്പിൽ ഭാസി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും. 

ദേശീയപാതാ നവീകരണത്തിനായി സ്ഥലം നൽകിയപ്പോൾ കെട്ടിടങ്ങളും വിപ്ലവ സ്തൂപമായ വാരിക്കുന്തമേന്തിയ പോരാളിയും അരിവാളുയർത്തിയ പെണ്ണാളും കായംകുളം കെപിഎസി അങ്കണത്തിൽ നിന്ന് വഴിമാറി. മലയാറ്റൂർ രാമകൃഷ്ണൻ വരച്ച രേഖാചിത്രം അടിസ്ഥാനമാക്കി 1980 ലാണ് സ്തൂപം സ്ഥാപിച്ചത്. തിരുവനന്തപുരം സ്വദേശി ആർട്ടിസ്റ്റ് കേശവൻകുട്ടിയാണ് ഇത് നിർമ്മിച്ചത്. ദേശീയപാതാ നിർമ്മാണം കഴിയുമ്പോൾ ശില്പം പഴയതുപോലെ വീണ്ടും നിർമ്മിക്കും.
നാടക ചരിത്രത്തിന്റെ നേർക്കാഴ്ചകളുമായി തിയേറ്റർ മ്യൂസിയവും നിർമ്മിക്കും. ഈ വർഷം കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽ ഭാസി ജന്മ ശതാബ്ദി ആഘോഷവും വിപുലമായി സംഘടിപ്പിക്കുമെന്ന് കെപിഎസി സെക്രട്ടറി എ ഷാജഹാൻ പറഞ്ഞു.

കെപിഎസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കെ കേശവൻ പോറ്റി-അഡ്വ. എം ഗോപി സ്മാരക ഹാൾ സമർപ്പണം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, യു പ്രതിഭ എംഎൽഎ, നഗരസഭാ ചെയർപേഴ്‌സൺ പി ശശികല എന്നിവർ സംസാരിക്കും. രാത്രി ഏഴ് മുതൽ കെപിഎസി ചന്ദ്രശേഖരനും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ നടക്കും. 

Eng­lish Sum­ma­ry: New head­quar­ters ready for KPAC; Inau­gu­ra­tion today

You may also like this video

Exit mobile version