ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. നവംബര്‍ എട്ടുവരെയുള്ള 74 ദിവസമാണ് അദ്ദേഹം ആ പദവിയില്‍ ഉണ്ടാവുക. കഴിഞ്ഞ ദിവസം നിയമ വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ടാകുമെന്ന മഹാഭാരതത്തിലെ സന്ദേശം അദ്ദേഹം ഉദ്ധരിക്കുകയുണ്ടായി. അത്തരമൊരു ധാര്‍മ്മികതയിലാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ നിലകൊള്ളുന്നതെന്നാണ് ജസ്റ്റിസ് ലളിത് പറയാന്‍ ശ്രമിച്ചത്. ചുരുങ്ങിയ കാലയളവേ തനിക്കുള്ളൂ എന്ന് ബോധ്യമുണ്ടെങ്കിലും ആദ്യ ദിനങ്ങളില്‍തന്നെ നീതിന്യായ വ്യവസ്ഥയെ വേഗതയിലാക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നുവെന്നതിന്റെ സൂചനകളുണ്ടായി. നാലു പ്രവൃത്തി ദിനങ്ങളില്‍ നിരവധി കേസുകളാണ് തീര്‍പ്പാക്കപ്പെട്ടത്, കെട്ടിക്കിടക്കുന്നവ പരിഗണനയ്ക്കെടുക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യമായിരുന്നു അതിലൊന്ന്. ഗുജറാത്ത് ഹൈക്കോടതി നിരാകരിച്ച ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നടത്തിയ നിരീക്ഷണങ്ങളും സുപ്രധാനമായിരുന്നു. ഹൈക്കോടതികളോ മറ്റു കീഴ്‌ക്കോടതികളോ അര്‍ഹരായ ഒരാള്‍ക്കും ജാമ്യം അനുവദിക്കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യരുതെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
കോടതികളെ ജാഗ്രവത്താകേണ്ടതിനെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ടീസ്ത കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. മനുഷ്യന്റെ അവകാശത്തിന് അനുകൂലമായ നിലപാടുകള്‍ക്കുവേണ്ടിയാണ് രാജ്യം നിലകൊള്ളുന്നതെന്നും അതിനുള്ള പ്രധാന ഉറപ്പ് നമ്മുടെ ഭരണഘടന തന്നെയാണെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ധാര്‍മ്മികതകളെല്ലാം ലംഘിക്കപ്പെടുന്നൊരു രാജ്യത്ത് നമ്മുടെ നീതിപീഠങ്ങള്‍ നേരിയ പ്രതീക്ഷയാകുകയാണ് ഇവിടെ. പ്രധാനമന്ത്രിപോലും ഭരണഘടനാ തത്വങ്ങളുടെ ലംഘനത്തിന് കൂട്ടുനില്ക്കുകയോ നിസംഗമാവുകയോ ചെയ്യുമ്പോഴാണ് ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്ത എല്ലാ തരത്തിലും തകര്‍ക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്ക്കുന്നത്. പൗരന്മാരുടെ അടിസ്ഥാനാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് ടീസ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസും അടുത്തിടെ ഒരഭിമുഖത്തില്‍ സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി ബി എന്‍ ശ്രീകൃഷ്ണയും സുപ്രധാനമായ നിരീക്ഷണങ്ങളും പ്രസ്താവനകളും പുറപ്പെടുവിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ചാല്‍ ഏത് നിമിഷവും അവരുടെ വീട്ടില്‍ പരിശോധനയ്ക്ക് ഏതെങ്കിലും കേന്ദ്ര ഏജന്‍സി കടന്നുവരാമെന്നായിരുന്നു ശ്രീകൃഷ്ണയുടെ പ്രസ്താവന. ജനാധിപത്യത്തിൽ സർക്കാരിനെ വിമർശിക്കാനുള്ള അവകാശം മൗലികമാണെന്നും ആർക്കും അത് തടയാൻ കഴിയില്ലെന്നും ശ്രീകൃഷ്ണ പറഞ്ഞിരുന്നു. വര്‍ത്തമാനകാല ഇന്ത്യയുടെ യഥാര്‍ത്ഥമായ അവസ്ഥയെ ഒറ്റവാക്കില്‍ ഇത്രമേല്‍ വിവരിക്കുവാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.
ഇതുകൂടി വായിക്കൂ: എഴുത്ത് തുടര്‍ന്നുകൊണ്ടേയിരിക്കും
ജസ്റ്റിസ് ശ്രീകൃഷ്ണയുടെ പ്രസ്താവനയോട് കേന്ദ്രമന്ത്രിയുടെ പ്രതികരണത്തില്‍പോലും അസഹിഷ്ണുതയാണ് മുഴച്ചുനില്ക്കുന്നത്. ജഡ്ജിയുടെ പ്രസ്താവന നിലവിലുള്ള സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ളതാണെന്നായിരുന്നു നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുവാനും മന്ത്രി മടിച്ചില്ല. മന്ത്രിയുടെ ഈ പ്രതികരണത്തിലൂടെതന്നെ ശ്രീകൃഷ്ണയുടെ തുറന്നുപറച്ചില്‍ ശരിയാണെന്നുവരുന്നു. സുപ്രധാനമായ പല ഹര്‍ജികളും തീര്‍പ്പാകാതെ പരമോന്നത കോടതിയിലുള്‍പ്പെടെ കിടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും തെരഞ്ഞെടുപ്പ് ബോണ്ടും ഹിജാബ് സംബന്ധിച്ചുമുള്ള ഹര്‍ജികള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചില വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി (ഇഡി)ന് അമിതാധികാരം നല്കുന്ന വിധിപ്രസ്താവം നേരത്തെ പരമോന്നത കോടതിയില്‍ നിന്നുണ്ടായിരുന്നതാണ്. അത് ഏറെ ആശങ്കകള്‍ക്ക് ഇടനല്കുകയും ചെയ്തിരുന്നു. അതിനെതിരായ ഹര്‍ജികളില്‍ രണ്ടു വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നതിന് സാധ്യതയുണ്ടെന്നും പുനഃപരിശോധിക്കുവാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇഡിക്ക് എതിരാളികളുടെ മേല്‍ കുതിരകയറുന്നതിനും ഭരണവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്കനുസൃതമായി കാര്യങ്ങള്‍ നടത്തുന്നതിനും ഇടയാക്കുമെന്ന ആശങ്കയാണ് ഇത്തരമൊരു പുനഃപരിശോധനാ വിധിയിലൂടെ ശരിവയ്ക്കപ്പെടുന്നത്.
ആദ്യത്തെ കുറച്ചുദിവസത്തെ നടപടിക്രമങ്ങള്‍ മാത്രം വിലയിരുത്തി നമ്മുടെ നീതിപീഠമാകെ മാറിയെന്ന് സ്ഥാപിക്കുവാന്‍ സാധിച്ചേക്കില്ല. ഇനിയുള്ള അവരുടെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പിക്കുവാനും സാധിക്കില്ല. പക്ഷേ നമ്മുടെ ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ നീതിപീഠങ്ങള്‍ക്ക് സുപ്രധാനമായ പങ്കുവഹിക്കുവാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തലിന് ഈ നിലപാടുകള്‍ കാരണമാകുന്നുണ്ട്. മുന്‍കാലാനുഭവങ്ങള്‍ കയ്പുള്ളതായിരുന്നുവെങ്കിലും യു യു ലളിത് മുഖാമുഖത്തില്‍ നടത്തിയ പ്രസ്താവം ശ്രദ്ധേയമാകുന്നത് അതുകൊണ്ടാണ്. ഇനിയുള്ള വിധികളിലൂടെയും നടപടിക്രമങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അത് ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിക്കുകയും ആദരവ് കൂടുകയും ചെയ്യുമെന്ന് കരുതാവുന്നതാണ്.
You may also like this video;