പ്രത്യേക തീവ്ര പരിഷ്കരണത്തിന് ശേഷം ബിഹാറിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിനായി പദ്ധതി ആവിഷ്കരിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയ കാര്‍ഡുകള്‍ എപ്പോള്‍ വിതരണം ചെയ്യുന്നമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എല്ലാ വോട്ടര്‍മാര്‍ക്കും പുതിയ കാര്‍ഡ് നല്‍കാനാണ് തീരുമാനം. എണ്ണല്‍ ഫോമുകള്‍ നല്‍കുന്ന സമയത്ത് പൂരിപ്പിച്ച രേഖയും വോട്ടറുടെ ഏറ്റവും പുതിയ ഫോട്ടോയും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടര്‍ കാര്‍ഡില്‍ പുതിയ ഫോട്ടോയാവും ഉപയോഗിക്കുക. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം, സംസ്ഥാനത്ത് 7.24 കോടി വോട്ടർമാരാണുള്ളത്. 99 ശതമാനം പേരും ഇതുവരെ രേഖകൾ സമർപ്പിച്ചതായി കമ്മിഷൻ അറിയിച്ചു. പേരുകൾ ഇല്ലാത്ത ഏകദേശം 30,000 പേർ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകിയിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളിലെ വോട്ടര്‍മാരുടെ എണ്ണം 1,500 ല്‍ നിന്നും 1,200 ആയി നിജപ്പെടുത്താനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനുകള്‍ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി അവയുടെ എണ്ണം 77,000 ല്‍ നിന്നും 90,000 ആയി വര്‍ധിപ്പിക്കും. ഈ സംവിധാനം രാജ്യവ്യാപകമാക്കും.
ബിഹാറില്‍ നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 22ന് അവസാനിക്കും. അതിനുമുമ്പ് പുതിയ സഭ രൂപീകരിക്കേണ്ടതുണ്ട്. പ്രത്യേക തീവ്ര പരിഷ്കരണം വഴി 65 ലക്ഷം പേരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളിയത്. പ്രതിപക്ഷം ഇതിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തി വരികയാണ്. ഈമാസം 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ബിഹാറിലെ വോട്ടര്‍മാര്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡ്

