സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയുമായി കേരള നോളജ് ഇക്കോണമി മിഷന്‍. 2026 നകം കേരളത്തില്‍ 20 ലക്ഷം പേർക്ക് തൊഴിൽ നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ പദ്ധതികളാണ് കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കു മാത്രമായി “തൊഴില്‍ അരങ്ങത്തേക്ക് ” എന്ന പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ പ്രത്യേക പരിഗണന ലഭിക്കേണ്ട വിഭാഗങ്ങള്‍ക്കായി ബൃഹത് പദ്ധതി കേരള നോളജ് ഇക്കോണമി മിഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
മത്സ്യത്തൊഴിലാളി വിഭാഗം, പട്ടികജാതി, പട്ടിക വര്‍ഗ്ഗം, ട്രാന്‍സ്ജെന്റേഴ്സ്, ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെയുള്ള വ്യത്യസ്ത വിഭാഗങ്ങള്‍ക്കായാണ് പുതിയ പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്. അതത് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. പദ്ധതികളുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഉന്നതതല യോഗങ്ങളും സെമിനാറുകളും വോളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും നിയോജക- ജില്ലാ അടിസ്ഥാനത്തില്‍ നടന്നു വരികയാണ്.
തൊഴില്‍ മേഖലയിലേക്ക് വരാന്‍ സാധിക്കാത്ത വിഭാഗങ്ങള്‍ക്ക് പ്രത്യേകം വിഭാവനം ചെയ്യുന്ന പദ്ധതികളാണിവ. തൊഴില്‍ മേളകള്‍ നടപ്പാക്കി അത്തരം വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ തൊഴില്‍ മേഖലയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല പറഞ്ഞു. സമൂഹത്തിലെ പാര്‍ശ്വല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ എങ്ങനെ ഈ തൊഴിലിന്റെ ഭാഗമാക്കാം എന്ന ആലോചനയില്‍ നിന്നാണ് രാജ്യത്തു തന്നെ ആദ്യമായി കേരള സര്‍ക്കാര്‍ ഇങ്ങനെയൊരു ആശയം തൊഴില്‍ മേഖലയില്‍ നടപ്പാക്കുന്നതെന്ന് പ്രോജക്ട് ഇന്‍ ചാര്‍ജ് പ്രിജിത് പി കെയും പറഞ്ഞു.
തൊഴില്‍തീരം
*പട്ടികജാതി വിഭാഗത്തിനായി പഞ്ചമി
മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴില്‍ അന്വേഷകര്‍ക്കായി “തൊഴില്‍തീരം” എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 46 തീരദേശ മണ്ഡലങ്ങളില്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന കാഞ്ഞങ്ങാട്, കല്യാശ്ശേരി, ബേപ്പൂര്‍, തിരൂര്‍, മണലൂര്‍, കൊച്ചി, ചേര്‍ത്തല, കരുനാഗപ്പള്ളി, കോവളം എന്നീ ഒമ്പതിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി വിഭാഗത്തിനായി പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ “പഞ്ചമി ” എന്ന പദ്ധതിയും നടപ്പാക്കും. ഏറ്റവും കൂടുതല്‍ പട്ടികജാതി വിഭാഗമുള്ള ഒരു ജില്ലയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകള്‍ തെരഞ്ഞെടുത്ത് സംസ്ഥാനത്തെ 70 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക.
ഒപ്പറ ഒരുങ്ങുന്നു
പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി “ഒപ്പറ” എന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. കണ്ണൂര്‍ ആറളം, വയനാട്ടിലെ നൂല്‍പ്പുഴ, തിരുനെല്ലി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ പട്ടിക വര്‍ഗ വിഭാഗത്തിനായാണ് ഒപ്പറ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. അതത് പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യസ്ഥ വിദ്യരെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി തൊഴില്‍ മേഖലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
സമഗ്ര, പ്രൈഡ്
ഭിന്നശേഷി വിഭാഗത്തിനായി “സമഗ്ര” എന്ന പദ്ധതിയും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിനായി പ്രൈഡ് എന്ന പദ്ധതിയുമാണ് രൂപീകരിച്ചിട്ടുള്ളത്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് സമഗ്ര എന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലായി ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ക്ലബുകള്‍ ആരംഭിക്കും. പ്രൈഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആയിരം ട്രാന്‍സ്ജെന്റര്‍ വ്യക്തികളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്തവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയും ഈ വര്‍ഷം 300 പേരെ തൊഴില്‍ മേഖലയിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. പ്രൈഡ് പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ ഏതാണ്ട് അവസാനഘട്ടത്തിലാണ്. ഈ മാസം 27 ന് പ്രൈഡ് പദ്ധതിക്ക് തലസ്ഥാനത്ത് ഔദ്യോഗികമായി തുടക്കം കുറിക്കും. ഓരോ പദ്ധതികളും വിവിധ ഘട്ടങ്ങളിലാണ്. ഉന്നത തല യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ച് ഔദ്യോഗികമായി പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
English Summary:thozhil arangathek new project
You may also like this video