സമൂഹത്തിന്റെ സമസ്ത മേഖലയിലും സ്ത്രീകൾക്ക് തലയുയർത്തി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന നവകേരള സ്ത്രീ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന് തന്നെ പുതുമയായ നവകേരള സദസിൽ വൻ സ്ത്രീപങ്കാളിത്തമാണുണ്ടായത്. അതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാത സദസിൽ അതിനിർണായകമായ ഒട്ടേറെ നിർദേശങ്ങളും നവകേരള സങ്കല്പങ്ങളും പ്രതീക്ഷകളും ഉയർന്നുവന്നു. ഇതേത്തുടർന്നാണ് വിവിധ വിഭാഗങ്ങളെ പ്രത്യേകമായി കണ്ട് സംവദിക്കാൻ തീരുമാനിച്ചത്.
കേരള സമൂഹത്തിൽ പകുതിയിലധികം വരുന്ന ജനസംഖ്യ സ്ത്രീകളുടേതാണ്. ഭാവികേരളം എപ്രകാരമായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് സ്ത്രീകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സുപ്രധാനമാണ്. അതുകൊണ്ടാണ് നവകേരള സദസുകളുടെ തുടർച്ചയായി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഇപ്രകാരമൊരു മുഖാമുഖം പരിപാടി സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മുന്നിട്ടു നിൽക്കുന്നതാണ്അതിന് പ്രധാന കാരണം. കേരളത്തിൽ സ്ത്രീകൾക്കു ലഭിക്കുന്ന തുല്യ അവകാശങ്ങളും അവസരങ്ങളുമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ‑സാമൂഹിക‑സാമ്പത്തികാവസ്ഥകൾ വളരെയധികം മെച്ചപ്പെട്ടതാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളുമെല്ലാം കേരളത്തിലെ സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. കേരളം നടപ്പാക്കിയ സ്ത്രീസൗഹൃദ നയങ്ങൾ അതിനു വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
1987ലെ എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കിയ സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം ബൃഹത്തായ ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് സ്ത്രീകളെ മാറ്റി. 1996ൽ നടപ്പാക്കിയ ജനകീയാസൂത്രണ പ്രക്രിയ അധികാരവികേന്ദ്രീകരണം സാധ്യമാക്കിയതിലൂടെ സ്ത്രീകൾ ഉൾപ്പെടെ പാർശ്വവല്‍ക്കരിക്കപ്പെട്ടവർക്ക് പ്രാദേശിക വികസനത്തിൽ സംഭാവന ചെയ്യാൻ കഴിയുന്ന അവസരം ഒരുങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തിലേക്കായി ക്രിയാത്മകമായ പുതിയ ആശയങ്ങൾ രൂപീകരിക്കുക എന്നതാണ് നവകേരള സ്ത്രീ സദസിന്റെ ലക്ഷ്യമെന്ന് രിപാടിയിൽ അധ്യക്ഷത വഹിച്ച വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓരോ സ്ത്രീക്കും തങ്ങളുടെ അവകാശങ്ങൾ സ്വാഭാവിക പ്രക്രിയയിലൂടെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുക എന്നതാണ് സ്ത്രീപക്ഷ നവ കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
English Summary:new-kerala-women-s-conference
You may also like this video