Site icon Janayugom Online

പുതിയ ഒമിക്രോണ്‍ ഉപവകഭേദം ബിഎ.5 ഇന്ത്യയില്‍

കൊറോണ വൈറസായ ഒമിക്രോണിന്റെ ഉപവകഭേദം ബിഎ.5ന്റെ ആദ്യ കേസ് തെലങ്കാനയില്‍ സ്ഥിരീകരിച്ചു. വിദേശയാത്ര ചെയ്യാത്ത 80കാരനിലാണ് വൈറസ് കണ്ടെത്തിയത്. ജനിതക ശ്രേണീകരണ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് നടത്തിയ പരിശോധനയിലാണ് ബിഎ.5 കേസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച വയോധികന്‍ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ പൂര്‍ണ ഡോസുകളും സ്വീകരിച്ചയാളാണ്. ഇദ്ദേഹത്തിനു നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മറ്റൊരു ഉപവകഭേദമായ ബിഎ.4ന്റെ രണ്ടു കേസുകളും ഇന്‍സാകോഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊന്ന് ഹൈദരാബാദിലും മറ്റൊന്നു തമിഴ്‌നാട്ടിലുമാണ്. ഹൈദരാബാദിലെ കേസ് ദക്ഷിണാഫ്രിക്കന്‍ യാത്രക്കാരനാണ്. വിമാനത്താവളത്തില്‍നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. വിദേശയാത്ര ചെയ്യാത്ത പത്തൊമ്പതുകാരിയിലാണ് തമിഴ്‌നാട്ടില്‍ പുതിയ വകഭേദം കണ്ടെത്തിയത്. യുവതി വാക്സിന്റെ പൂര്‍ണ ഡോസുകളും സ്വീകരിച്ചിരുന്നുവെന്നും ഇന്‍സാകോഗ് അറിയിച്ചു.

ബിഎ.4, ബിഎ.5 ഉപവകഭേദങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് അഞ്ചാം തരംഗത്തിലേക്കു നയിച്ചത്. പിന്നീട് പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഈ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ബിഎ.4, ബിഎ.5 ഉപവകഭേദങ്ങളെ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ‘ആശങ്കയുടെ വകഭേദങ്ങള്‍’ ആയി പ്രഖ്യാപിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദമായതിനാല്‍ ലോകാരോഗ്യ സംഘടനയും ഇവയെ ‘ആശങ്കയുടെ വകഭേദങ്ങള്‍’ ആയി കണക്കാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2,022 പേര്‍ക്ക് പുതിയതായി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,38,393 ആയി. രാജ്യത്തെ സജീവ കേസുകള്‍ 14,832 ആണ്. 46 പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,24,459 ആയി ഉയര്‍ന്നു.

Eng­lish Summary:New Omi­cron sub­species BA5 in India
You may also like this video

Exit mobile version