Site iconSite icon Janayugom Online

പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി; 134 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം

കേരളത്തിൽ നിന്ന് പുതിയൊരു മൂങ്ങവലച്ചിറകനെ കണ്ടെത്തി. മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. പ്രോട്ടിഡ്രിസെറസ് ആൽബോകാപിറ്റാറ്റസ് എന്നതാണ് ഈ ജീവജാതിക്ക് നൽകിയ പേര്.

പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നെടുങ്കയം വനപ്രദേശങ്ങളിൽ നിന്ന് ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘമാണ് മൂങ്ങവലച്ചിറകനെ കണ്ടെത്തിയത്. രാജ്യത്ത് ഇതേ ജനുസ്സിൽപ്പെട്ട ആദ്യ സ്പീഷിസ് ആയ പ്രോട്ടിഡ്രിസെറസ് എൽവെസിയെ 1891ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മക്ലാക്ക്ലൻ ആണ് കണ്ടെത്തി വിവരിച്ചത്. 134 വർഷങ്ങൾക്കുശേഷം ഇന്ത്യയിലെ പ്രോട്ടിഡ്രിസെറസ് ജനുസ്സിന്റെ ചരിത്രത്തിൽ മറ്റൊരു സുപ്രധാന കണ്ടെത്തലാണ് ഇത്.

ആൽബോകാപിറ്റാറ്റസ് എന്ന ജീവജാതിയുടെ പേര് ലാറ്റിൻ വാക്കുകളിൽ നിന്നാണ് സ്വീകരിച്ചത്. ആൽബസ് അഥവാ വെളുപ്പ് എന്നർത്ഥം വരുന്ന പദം, കാപിറ്റാറ്റസ് അഥവാ സ്പർശനിയുടെ അഗ്രഭാഗം എന്നിവയെ സൂചിപ്പിച്ചാണ് നാമകരണം. കണ്ടെത്തലിന്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രൈസ്റ്റ് കോളെജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ടി ബി സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റന്റ് പ്രൊഫസറും എസ്ഇആർഎൽ മേധാവിയുമായ ഡോ. സി ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം, സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

മൂങ്ങവലച്ചിറകനെ സാധാരണയായി കല്ലൻതുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളമേറിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സവിശേഷ സ്പർശനികൾ ഉള്ളതാണ് ഇവയെ കല്ലൻതുമ്പികളിൽ നിന്നും വേർതിരിക്കുന്നത്.

Exit mobile version