Site icon Janayugom Online

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ശബ്ദസംവിധാനം ഒരുക്കിയത് മലയാളി

പുതിയ പാ‍ർലമെന്റ് മന്ദിരത്തിലെ ശബ്ദസംവിധാനം സജ്ജമാക്കിയത് മലയാളി. തിരുവല്ല മഞ്ഞാടി സ്വദേശി ചെറിയാൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബ്ദക്രമീകരണം നിര്‍വഹിച്ചത്. സുവിശേഷസംഘടനയായ തിരുവല്ല നവജീവോദയത്തിന്റെ തലവൻ ജോർജ് ചെറിയാന്റെ മകനാണ് ചെറിയാൻ. എൻജിനീയറിങ്ങില്‍ ബിരുദവും എംബിഎയും നേടിയ ചെറിയാന്‍, വിദേശത്തുൾപ്പെടെ പല സൗണ്ട് സിസ്റ്റം കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രവൃത്തിയുടെ കരാര്‍ ലഭിച്ച ജര്‍മ്മന്‍ കമ്പനിയായ ഫോണ്‍ ഓഡിയോയുടെ ദക്ഷിണേഷ്യ റീജനൽ ഡയറക്ടറാണ് ചെറിയാൻ ജോര്‍ജ്. ഇലക്ട്രോണിക് ബീം സ്റ്റിയറിങ് സാങ്കേതികവിദ്യയിലെ മികവിലൂടെ ഫോണ്‍ ഓഡിയോ സംവിധാനമാണ് പാർലമെന്റ് മന്ദിരത്തിൽ ഇവര്‍ ഒരുക്കിയിട്ടുള്ളത്.

ഒന്നര വര്‍ഷത്തെ പ്രവൃത്തികളാണ് ഇതിനായി വേണ്ടിവന്നത്. ലോക്‌സഭ, രാജ്യസഭാ ചേംബറുകളിലെ ശബ്ദസംവിധാനമാണ് ചെറിയാനും സംഘവും സജ്ജമാക്കിയിട്ടുള്ളത്. സ്പീക്കറുകളുടെ എണ്ണം കുറച്ച്, ശബ്ദക്രമീകരണം ഹാളിലെ എല്ലായിടത്തും കൃത്യതയോടെ കേള്‍ക്കാൻ ഫോണ്‍ ഓഡിയോ സംവിധാനത്തിന് കഴിയും.

Eng­lish Sam­mury: sound sys­tem in the new par­lia­ment build­ing was arranged by a Malayali

Exit mobile version