Site iconSite icon Janayugom Online

പുതിയ പെന്‍ഷന്‍ പദ്ധതി കബളിപ്പിക്കല്‍: എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

നിയമസഭ തെരഞ്ഞെടുപ്പ് ലാക്കാക്കി ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) കൊണ്ടുവരാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിയോജിപ്പുമായി തൊഴിലാളി സംഘടനകള്‍. ജീവനക്കാരുടെ വിഹിതം 10 ശതമാനത്തില്‍ വര്‍ധനയില്ലെങ്കിലും സര്‍ക്കാര്‍ വിഹിതം 18.5 ആയി വര്‍ധിപ്പിക്കുന്നത് കൂടുതല്‍ തുക ഓഹരി വിപണിയിലേക്ക് വഴി തിരിച്ച് വിടാനുള്ള തന്ത്രമാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. എഐടിയുസി അടക്കമുള്ള സംഘടനകളാണ് യുപിഎസിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. 

പെന്‍ഷന്റെ പേരില്‍ അധിക തുക ഈടാക്കി ഓഹരി വിപണിയില്‍ നിക്ഷേപിക്കുക എന്നതാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനത്തിലുടെ ചെയ്യാന്‍ പോകുന്നത്. നിലവില്‍ ന്യൂ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) പ്രകാരം സമാഹരിച്ച 10,54,850 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. നാലര ശതമാനം തുക കൂടി വര്‍ധിപ്പിക്കുന്നത് സംശയം ജനിപ്പിക്കുന്ന നടപടിയാണെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു. 

കുറഞ്ഞത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വിഹിതം 14 ല്‍ നിന്ന് 18.5 ശതമാനമായി ഉയര്‍ത്തുന്നത് പെന്‍ഷന്‍കാര്‍ക്ക് അധിക ഗുണം ലഭ്യമാകുമെന്നതിനെ സാധൂകരിക്കുന്നില്ല. എന്‍പിഎസ് അനുസരിച്ച് 60 ശതമാനം തുക ജീവനക്കാര്‍ക്ക് പിന്‍വലിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് 40 ശതമാനം തുക മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. അധിക തുക ഊഹക്കച്ചവടം നടത്താന്‍ വിനിയോഗിക്കുന്നത് അധാര്‍മ്മികമായ നടപടിയാണെന്നും എഐടിയുസി ചൂണ്ടിക്കാട്ടി. പുതിയ പ്രഖ്യാപനത്തില്‍ പുതുമയില്ല. പുതിയ പദ്ധതി അവതരിപ്പിക്കുന്നതിന് പകരം പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്നും കൗര്‍ ആവശ്യപ്പെട്ടു. 

Exit mobile version