ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ നടപ്പാക്കിയ കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. കോമണ്‍ കോസ്, സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്നീ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതാര്യവും അജ്ഞാതവുമായ പണമൊഴുക്ക് നടക്കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അടുത്തിടെ വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന എസ്ബിഐയുടെ രേഖകളില്‍ ആശങ്ക പ്രകടിപ്പിച്ചാണ് സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെയോ സര്‍ക്കാരിന് കീഴിലുള്ള സംവിധാനങ്ങളില്‍ നിന്നോ കരാര്‍, ലൈസന്‍സ്, ലീസ്, ക്ലിയറന്‍സ്, അപ്രൂവല്‍സ് തുടങ്ങിയവ വാങ്ങിയിട്ടുള്ള കോര്‍പറേറ്റുകളാണ് ഇലക്ടറല്‍ ബോണ്ടിന്റെ രൂപത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികള്‍ നല്‍കിയിരിക്കുന്നത്. കാര്യസാധ്യത്തിനുള്ള പ്രത്യുപകാരമായാണ് ഇവ നല്‍കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍, ഡ്രഗ് കണ്‍ട്രോളര്‍ പോലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനും അനുകൂല ഇടപെടലിനുമായി വ്യവസായികള്‍ ഇലക്ടറല്‍ ബോണ്ടിലൂടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണമെത്തിച്ചതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.
കമ്പനീസ് ആക്ടിന്റെ 182(1) പ്രകാരം രൂപീകരിച്ച് മൂന്നുവര്‍ഷമാകാത്ത കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഇത്തരത്തിലുള്ള ഇരുപതോളം കമ്പനികള്‍ ബോണ്ട് വാങ്ങിയിട്ടുണ്ട്. നഷ്ടത്തിലോടുന്ന കമ്പനികള്‍ അവരുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, അഭിഭാഷകരായ നേഹ രതി, കാജല്‍ ഗിരി എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
English Summary: New Petition on Electoral Bond; Give and take should be sought
You may also like this video