Site iconSite icon Janayugom Online

കാനഡയില്‍ 33,000 വിദേശ തൊഴിലാളികള്‍ക്ക് പി ആര്‍ നല്‍കാന്‍ പുതിയ പദ്ധതി

കാനഡയില്‍ താല്‍ക്കാലിക വിസയില്‍ ജോലി ചെയ്യുന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് പെര്‍മനന്റ് റസിഡന്‍സ് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് തുടക്കമായി.രണ്ട് വര്‍ഷത്തിനുള്ളില്‍ 33,000 തൊഴിലാളികള്‍ക്ക് പി ആര്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെഗ് ഡിയാബ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ തൊഴിൽ മേഖലകളിൽ കാനഡ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഈ നീക്കം.

താൽക്കാലിക റെസിഡന്റ് പെർമിറ്റുകളുടെ കാലാവധി കഴിയുന്നതോടെ ലക്ഷക്കണക്കിന് ആളുകൾ രേഖകളില്ലാത്തവരായി മാറുന്നത് ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും. നിലവിൽ കാനഡയിലുള്ള സന്ദർശകർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരോട് വിസാ കാലാവധി തീരുന്നതിന് മുൻപ് തന്നെ അത് പുതുക്കാൻ അപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം രാജ്യം വിടണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2027-ഓടെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ഇത് 6.8 ശതമാനമാണ്. വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിനൊപ്പം തന്നെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇതിന്റെ ഭാഗമാണ്. 

Exit mobile version