Site iconSite icon Janayugom Online

നഴ്സിങ് കോളജുകളില്‍ പുതിയ തസ്തികകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്സിങ് കോളജുകളില്‍ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ് സൃഷ്ടിക്കുക. 5 പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്റ് പ്രൊഫസര്‍, 6 സീനിയര്‍ സൂപ്രണ്ട്, 6 ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, 6 ക്ലര്‍ക്ക്, 6 ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടര്‍, 6 ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്. 6 ഹൗസ് കീപ്പര്‍, 6 ഫുള്‍ടൈം സ്വീപ്പര്‍, 6 വാച്ച്മാന്‍ എന്നിങ്ങനെ താത്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കോളേജുകള്‍.

കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു

2023ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒര്‍ഡിനന്‍സും അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള പിഴയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഓര്‍ഡിനന്‍സ്.

തസ്തിക

തൃശ്ശൂര്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 9 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

എറണാകുളം വാളകം മാർ സ്റ്റീഫൻ ഹയർ സെക്കന്‍റി സ്കൂളിൽ ഹിന്ദി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയർ)-ന്‍റെ 3 തസ്തികകളും, മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കായി എച്ച്.എസ്.എസ്.ടിയുടെ 3 തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്‍റ് തസ്തികകളും സൃഷ്ടിക്കും. ഒരു എച്ച്.എസ്.എസ്.ടി (ജൂനിയർ), ഇംഗ്ലീഷ് തസ്തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

താനൂര്‍ പാലം പുനര്‍നിര്‍മ്മാണത്തിന് ഭരണാനുമതി

താനൂര്‍ പാലം പുനര്‍നിര്‍മ്മാണത്തിന് 17.35 കോടി രൂപയുടെ ഭരണാനുമതി നല്‍കി. താനൂര്‍ ടൗണിലെ ഫിഷിങ്ങ് ഹാര്‍ബര്‍ പാലം നിര്‍മ്മാണം എന്ന പദ്ധതിക്ക് പകരം താനൂര്‍ പാലം പുനര്‍നിര്‍മ്മാണ പദ്ധതി എന്ന പ്രവൃത്തി പരിഗണിക്കാന്‍ തീരുമാനിച്ചു.

കാലാവധി നീട്ടി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ 2023 മാര്‍ച്ച് 31 ശേഷവും പൂര്‍ത്തീകരിക്കാത്തവയുടെ കാലാവധിയും ഗുണനിലവാരം പരിശോധിക്കുന്നതിന് രൂപീകരിച്ച റിട്ട. സുപ്രണ്ടിങ്ങ് എജിനിയര്‍മാരുടെ കാലാവധിയും 2024 മാര്‍ച്ച് 31 വരെ നീട്ടി.

നിര്‍ദേശം അംഗീകരിച്ചു

ജില്ലാ പഞ്ചായത്തുകളുടെ 2022 — 23 വർഷത്തെ സ്പിൽ ഓവർ ബാധ്യത തീർക്കുന്നതിന് ഈ സാമ്പത്തിക വർഷം 200 ശതമാനത്തിൽ അധികം തുക മെയിന്‍റനന്‍സ് ഗ്രാന്‍റിനത്തിൽ ലഭ്യമായതും, ആകെ വിഹിതം ഒരു കോടി രൂപയിൽ അധീകരിച്ചുവരുന്നതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ 10 സ്ലാബുകളാക്കി തിരിക്കും. അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നും 10 മുതൽ 40 ശതമാനം വരെ തുക കുറവ് വരുത്തി 148.0175 കോടി രൂപ കണ്ടെത്തുന്നതിനുള്ള നിര്‍ദേശം അംഗീകരിച്ചു.

പി ഗോവിന്ദപ്പിള്ള സംസ്കൃതി പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ഭൂമി

പി. ഗോവിന്ദപ്പിള്ള സംസ്കൃതി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തിരുവനന്തപും തൈക്കാട് ഭൂമി അനുവദിച്ചു. 8.01 ആര്‍ ഭൂമി സൗജന്യ നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു.

എന്‍എച്ച്എഐയുടെ മേഖലാ കാര്യാലയം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം ചെറുവക്കല്‍ വില്ലേജില്‍ 25 സെന്‍റ് ഭൂമി 1,38,92,736 രൂപ ന്യായ വില ഈടാക്കി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണിത്.

Eng­lish Sum­ma­ry: New Post in Nurs­ing Colleges
You may also like this video

Exit mobile version