ജനാഭിമുഖ കുര്‍ബാന ഒഴിവാക്കുന്നതിനെതിരെ സിറോ മലബാര്‍ സഭയിലെ ഭിന്നത രൂക്ഷം. ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം വൈദികരും അല്‍മായകൂട്ടായ്മകളും ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ കാണാനെത്തിയതാണ് പ്രശ്നം സൃഷ്ടിച്ചത്. എന്നാൽ ഇന്നുമുതൽ ഏകീകൃത ആരാധനാരീതിയുമായി മുന്നോട്ടുപോകുമെന്ന് അതിരൂപതാ മുൻപ് വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ ഏഴിന് ലൂര്‍ദ്പള്ളിയില്‍ നടക്കുന്ന കുര്‍ബാന പരിഷ്‌കരിച്ച ആരാധനാക്രമത്തിലായിരിക്കും.
ഇന്നലെ വൈകീട്ട് തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനെ കാണാന്‍ വൈദികരുടെ നേതൃത്വത്തില്‍ ഒരുസംഘം എത്തിയതോടെ സംഘര്‍ഷസാഹചര്യമായി. സ്ഥിതിഗതി കണക്കിലെടുത്ത് വന്‍ പോലീസ് സംഘവുമെത്തി. പ്രതിഷേധക്കാര്‍ ബിഷപ്പ് ഹൗസിനുള്ളിലേക്കു പ്രവേശിച്ചെങ്കിലും കാണാന്‍ ആര്‍ച്ച് ബിഷപ്പ് വിസമ്മതിച്ചു. 25ഓളം വരുന്ന വൈദികര്‍ മണിക്കൂറുകളോളം കാത്തുനിന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ അകത്തുകയറിയ ചിലർ ആർച്ച് ബിഷപ്പിനൊപ്പമുള്ളവരുമായി തർക്കത്തിലേർപ്പെട്ടു. പുതിയ ആരാധനാക്രമം നടപ്പാക്കരുതെന്നും ജനാഭിമുഖ കുര്‍ബാന തുടരണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഫാ. ഡേവിസ് ചക്കാലയ്ക്കല്‍, ഫാ. ജോണ്‍ അയ്യങ്കാനയില്‍, ഫാ. ഫ്രാന്‍സിസ് മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്.
ഏകീകൃത കുര്‍ബാന നടപ്പാക്കില്ലെന്നു ചൂണ്ടിക്കാട്ടി അങ്കമാലി രൂപതയില്‍ മെത്രാപ്പോലീത്തന്‍ വികാരി സര്‍ക്കുലര്‍ ഇറക്കിയത് തൃശൂര്‍ അതിരൂപതയ്ക്ക് ബാധകമല്ല. ഇന്നു മുതല്‍ ഏകീകൃത ബലിയര്‍പ്പണ സംവിധാനമാണ് നിലവില്‍ വരുകയെന്ന് അതിരൂപത പറഞ്ഞു. സീറോമലബാര്‍ സഭയുടെ നവീകരിച്ച കുര്‍ബാന ക്രമവും ഏകീകൃത കുര്‍ബാന അര്‍പ്പണരീതിയും സംബന്ധിച്ചു സിനഡില്‍ നിന്നും അതിരൂപതയില്‍ നിന്നും വ്യക്തമായ മാര്‍ഗരേഖകള്‍ നല്‍കിയിരുന്നതായി മാര്‍ താഴത്ത് വൈദികര്‍ക്കയച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എറണാകുളം അതിരൂപതയ്ക്ക് ഏകീകൃതരീതിയില്‍ നിന്നു ഒഴിവു നല്‍കിയെന്ന വാദം ആശയക്കുഴപ്പമുണ്ടാക്കാന്‍ ഇടയുള്ളതിനാലാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും 28 മുതല്‍ ഏകീകൃത രീതി നടപ്പാക്കേണ്ടതാണെന്നും വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൃശൂര്‍ അതിരൂപതയിലെ പകുതിയിലധികം വൈദികര്‍ പുതിയ കുര്‍ബാന നടത്താന്‍ തയാറല്ല. അതിരൂപതയിലെ
വിശ്വാസികളെ രണ്ടുതട്ടാക്കി ആര്‍ച്ച് ബിഷപ് തിരിച്ചിരിക്കുകയാണെന്നും അതിരൂപതയിലെ 222 പള്ളികളില്‍ വിശ്വാസികള്‍ സംഘര്‍ഷത്തിലേക്ക് പോകുമെന്നും പുതിയ കുര്‍ബാനയെ എതിര്‍ക്കുന്ന വൈദികര്‍ പറഞ്ഞു.
English Summary: new pray style in syro Malabar Archdiocese
You may like this video also